
ബീഹാറില്‍ ഉത്സവാഘോഷ ചടങ്ങിനിടെ 43 പേര്‍ മുങ്ങിമരിച്ചു
ബീഹാറിലെ ഉത്സവമായ ജിവിത്പുത്രിക ആഘോഷത്തിനിടെ 43 പേര്‍ മുങ്ങിമരിച്ചു. 37 പേര്‍ കുട്ടികളാണ്. മൂന്ന് പേരെ കാണാതായിട്ടുമുണ്ട്. ബുധനാഴ്ച നടന്ന ആഘോഷത്തില്‍ സംസ്ഥാനത്തെ 15ഓളം ജില്ലകളില്‍ വിവിധയിടങ്ങളിലായി നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു.
കുട്ടികളുടെ ഐശ്വര്യത്തിന് വേണ്ടി സ്ത്രീകള്‍ വ്രതമനുഷ്ഠിക്കുന്ന ചടങ്ങാണ് 'ജീവിത് പുത്രിക'. ഉത്സവച്ചടങ്ങിന്റെ ഭാഗമായി പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചതെന്ന് ബിഹാര്‍ സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ബുധനാഴ്ച നടന്ന ആഘോഷത്തില്‍ 15-ഓളം ജില്ലകളിലുണ്ടായ അപകടത്തിലാണ് 43 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ പട്‌നയിലെ ഔറംഗാബാദില്‍ നടന്ന ചടങ്ങില്‍ മാത്രം ഒമ്പത് പേര് മുങ്ങിമരിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.