
Delhi Legislative Assembly buiding
ഡല്‍ഹിയിലെ പുതിയ എംഎല്‍എമാരില്‍ 44 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികള്‍
ഡല്‍ഹി നിയമസഭയിലെ പുതിയ 70 എംഎല്‍എമാരില്‍ 31 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. അതായത് 44 ശതമാനം എംഎല്‍എമാരും കേസുകളില്‍ പ്രതികളാണ്.
ആകെ എംഎല്‍എമാരില്‍ 24 ശതമാനം പേരും കൊലപാതകം, ലൈംഗിക പീഡനം അടക്കമുള്ള ഗുരുതരമായ ക്രമിനല്‍ കേസുകളില്‍ പ്രതികളാണ്. ഈ വിഭാഗത്തില്‍ 17 പേരാണുള്ളത്.
70 അംഗ നിയമസഭയില്‍ 48 സീറ്റുകളില്‍ വിജയിച്ച് ബിജെപി അധികാരം നേടിയപ്പോള്‍ 22 സീറ്റുകളില്‍ വിജയിച്ച എഎപി പ്രതിപക്ഷത്തേക്ക് തള്ളപ്പെട്ടിരുന്നു.
പുതിയ എംഎല്‍എമാരുടെ സ്വയംസാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലങ്ങള്‍ വിശകലനം ചെയ്താണ് ഓര്‍ഗനൈസേഷന്‍ ഈ കണ്ടെത്തല്‍ നടത്തിയത്.
ബിജെപിയുടെ 33 ശതമാനം എഎല്‍എമാരും ക്രിമിനല്‍ കേസ് പ്രതികളാണ്. എഎപിയുടെ 68 ശതമാനം പേരും അത്തരം കേസുകളില്‍ പ്രതികളാണ്. ഇത് സംഖ്യയാക്കിയാല്‍ യഥാക്രമം 16 ഉം 15 ഉം വരും.
എഎപിയില്‍ നിന്നുള്ള എംഎല്‍എമാരേക്കാള്‍ ധനികരാണ് ബിജെപി എംഎല്‍എമാര്‍. ബിജെപിയുടെ എംഎല്‍എമാരുടെ ശരാശരി ആസ്തിമൂല്യം 28.5 കോടി രൂപയാണ്. 7.7 കോടി രൂപയുടെ മൂല്യമാണ് എഎപി എംഎല്‍എമാര്‍ക്കുള്ളത്.
ഏറ്റവും വലിയ മൂന്ന് ധനികര്‍ ബിജെപിയില്‍ നിന്നാണ്. ഷകൂര്‍ ബസ്തിയില്‍ നിന്നുള്ള എംഎല്‍എയായ കര്‍ണെയ്ല്‍ സിങ്ങാണ് ഏറ്റവും ധനികന്‍. 259 കോടി രൂപയുടെ ആസ്തിയുണ്ട്. ഏറ്റവും ആസ്തി കുറഞ്ഞത് എഎപിയുടെ ബുരാരി എംഎല്‍എയായ സഞ്ജീവ് ഷായാണ്. 14 ലക്ഷം രൂപ.