
പശ്ചിമബംഗാളില്‍ 46 സൈബര്‍ കുറ്റവാളികള്‍ അറസ്റ്റില്‍
പശ്ചിമബംഗാളില്‍ ജാംതാര സൈബര്‍കുറ്റകൃത്യ സംഘവുമായി ബന്ധമുള്ള 46 സൈബര്‍കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് നൂറുകണക്കിന് സൈബര്‍കുറ്റകൃത്യങ്ങളാണ് ഓരോ മാസവും റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞമാസം മാത്രം 250ല്‍ അധികം സൈബര്‍കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓപ്പറേഷന്‍ സൈബര്‍ ശക്തി എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലാണ് കഴിഞ്ഞ 15 ദിവസം കൊണ്ട് ഇത്രയും കുറ്റവാളികളെ അറസ്റ്റ് ചെയ്തത്.
പിഷിങ് തട്ടിപ്പുകള്‍, വ്യാജ ജോലി തട്ടിപ്പുകള്‍, ഡിജിറ്റല്‍ അറസ്റ്റുകള്‍, വ്യാജ നിക്ഷേപ പദ്ധതികള്‍, വ്യാജ പാചകവാതക കണക്ഷനുകള്‍, സെക്‌സ്‌ടോര്‍ഷനുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രതികളാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ക്ക് ജാംതാര സംഘവുമായി ബന്ധമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ജാര്‍ഖണ്ഡിലെ ജാംതാരയില്‍നിന്നുമാണെന്ന് പൊലീസ് പറയുന്നു. ജാര്‍ഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമബംഗാള്‍ പ്രദേശങ്ങളിലെ ജനങ്ങളാണ് കുറ്റകൃത്യങ്ങള്‍ക്ക് ഇരയായത്.
പൊലീസ് 84 സിം കാര്‍ഡുകളും സെല്‍ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും, 100ല്‍ അധികം വ്യാജ ബാങ്ക് അക്കൗണ്ടുകളും നൂറില്‍ അധികം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും പിടിച്ചെടുത്തു.