
ലോക്പാല്‍ നിലവില്‍ വന്നിട്ട് 5 വര്‍ഷം; അന്വേഷണത്തിന് ഉത്തരവിട്ടത് 24 കേസുകളില്‍ മാത്രം
ലോക്പാല്‍ ബില്‍ പാസാക്കിയിട്ട് 12 വര്‍ഷം. ലോക്പാല്‍ നിലവില്‍ വന്നിട്ട് അഞ്ച് വര്‍ഷം. എന്നാല്‍, രാജ്യത്തെ ആദ്യത്തെ അഴിമതി വിരുദ്ധ സ്ഥാപനമായ ലോക്പാല്‍ അന്വേഷണത്തിന് ഉത്തരവിട്ടത് 24 കേസുകളില്‍ മാത്രം. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് ആറ് കേസുകളിലും മാത്രമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രിയടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ അധികാരമുള്ള സ്ഥാപനമാണ് ലോക്പാല്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും നവംബറിലും മൂന്ന് പരാതികള്‍ ലഭിച്ചിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ലഭിച്ച പരാതികളില്‍ ബഹുഭൂരിപക്ഷവും ലോക്പാല്‍ തള്ളി. ഏകദേശം 90% പരാതികളാണ് തള്ളിയത്. അവ ശരിയായ രീതിയില്‍ സമര്‍പ്പിച്ചില്ലെന്നതാണ് കാരണം. തെറ്റുകളില്ലാത്ത 2320 ഓളം പരാതികളാണ് അഞ്ചുവര്‍ഷത്തിനിടെ ലോക്പാലിന് ലഭിച്ചത്. 2024 ഏപ്രിലിനും ഡിസംബറിനും ഇടയിലാണ് അതില്‍ 226 എണ്ണവും രജിസ്റ്റര്‍ ചെയ്തത്.
ആകെ പരാതികളില്‍ 3% പ്രധാനമന്ത്രിക്കും എംപി അല്ലെങ്കില്‍ കേന്ദ്രമന്ത്രിക്കും എതിരെയുള്ളതാണ്. 21% പരാതികള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെയുള്ളതും 35% പരാതികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ചെയര്‍പേഴ്‌സണ്‍ അല്ലെങ്കില്‍ അംഗങ്ങള്‍ക്ക് എതിരെയുള്ളതാണ്. 41% പരാതികള്‍ മറ്റുള്ളവര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 2013ലെ ലോക്പാല്‍, ലോകായുക്ത ബില്ലിന്റെ വകുപ്പ് 53 അനുസരിച്ച് ആരോപിക്കപ്പെടുന്ന കുറ്റം ചെയ്ത തീയതിയില്‍ നിന്നും ഏഴ് വര്‍ഷത്തിനുള്ളില്‍ പരാതി രജിസ്റ്റര്‍ ചെയ്യണം.
2013ല്‍ നിയമം പാസാക്കിയെങ്കിലും 2019ല്‍ ആണ് ആദ്യത്തെ ലോക്പാലായി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ നിയമിച്ചത്. എട്ട് അംഗങ്ങളേയും ഒപ്പം നിയമിച്ചു.