
ബീജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ കീഴടങ്ങി
ഛത്തീസ്ഗഢിലെ ബീജാപൂര്‍ ജില്ലയില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സൈന്യത്തിനുമുന്നില്‍ കീഴടങ്ങി. ഇവരില്‍ 14 പേരുടെ തലയ്ക്കിട്ടിരുന്ന വില 68 ലക്ഷം രൂപയാണ്.
സംസ്ഥാനത്തെ സുക്മ ജില്ലയില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 16 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ് ഇവര്‍ കീഴടങ്ങിയത്.
ഈ വര്‍ഷം ഇതുവരെ 132 മാവോയിസ്റ്റുകള്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 2024ല്‍ 217 പേരാണ് കൊല്ലപ്പെട്ടത്.
2026 മാര്‍ച്ച് 31ന് മുമ്പ് നക്‌സലിസത്തെ ഇല്ലായ്മ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച്ച ആവര്‍ത്തിച്ചു പറഞ്ഞു.
എന്നാല്‍, 2024ല്‍ ബസ്തര്‍ മേഖലയില്‍ കൊല്ലപ്പെട്ടവരെ മാവോയിസ്റ്റുകളായി പ്രഖ്യാപിച്ചത് പൊലീസാണെന്ന് അവരുടെ വീട്ടുകാര്‍ പറയുന്നു. അനവധി കുടുംബങ്ങള്‍ പൊലീസിന്റെ വാദത്തെ തള്ളി. കൊല്ലപ്പെട്ടത് മാവോയിസ്റ്റുകള്‍ അല്ലെന്നും സാധാരണക്കാര്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്.
കീഴടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ 50,000 രൂപയുടെ ധനസഹായം നല്‍കുന്നുണ്ട്. കൂടെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. എന്നാല്‍, മാവോയിസ്റ്റ് നേതൃത്വത്തില്‍ ഇവര്‍ക്കുണ്ടായിരുന്ന സ്ഥാനം അനുസരിച്ച് ധനസഹായത്തിലും ആനുകൂല്യങ്ങളിലും മാറ്റം വരും.
കഴിഞ്ഞ ദിവസം കീഴടങ്ങിയ 50 പേരില്‍ ഭൂരിപക്ഷവും ആയുധമേന്തിയ കേഡര്‍മാര്‍ അല്ലെന്ന് ബസ്തര്‍ റേഞ്ച് ഐജി പി സുന്ദരരാജ് പറഞ്ഞു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വസിക്കുന്ന ഇവര്‍ മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നവരാണെന്നും ഐജി പറഞ്ഞു.