TMJ
searchnav-menu
post-thumbnail

TMJ Daily

കോട്ടയില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ 50% കുറഞ്ഞു

29 Dec 2024   |   1 min Read
TMJ News Desk

രാജ്യത്തെ പ്രവേശന പരീക്ഷകളുടെ പരിശീലന തലസ്ഥാനമായ രാജസ്ഥാനിലെ കോട്ടയില്‍ 2024-ല്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ പകുതിയായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ജില്ലാ അധികൃതരാണ് ഈ അവകാശം ഉന്നയിച്ചത്. എന്നാല്‍, അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടില്ല.

'മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍, പരിശീലന വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യകളുടെ എണ്ണം ഈ വര്‍ഷം 50% കുറഞ്ഞു. വരും വര്‍ഷങ്ങളിലും ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നു,' കോട്ട ജില്ലാ കളക്ടര്‍ രവീന്ദ്ര ഗോസാമി പറഞ്ഞു.

2023-ല്‍ 26 ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം 17 ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പരിശീലന സ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലും ശക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയത് ആത്മഹത്യ കുറയ്ക്കാന്‍ കാരണമായിയെന്ന് കളക്ടര്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് സുരക്ഷാ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതും എസ്ഒഎസ് സഹായ സേവനങ്ങള്‍ നടപ്പിലാക്കിയതും ആത്മഹത്യ കേസുകള്‍ കുറച്ചു.

കളക്ടറും വിദ്യാര്‍ത്ഥികളും മുഖാമുഖമുള്ള സംവാദ പരിപാടികള്‍ പതിവായി നടത്തി. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും സുരക്ഷയ്ക്കായി കലിക സ്‌ക്വാഡിനെ വിന്യസിച്ചതും മാറ്റത്തില്‍ പങ്കുവഹിച്ചുവെന്ന് കളക്ടര്‍ പറയുന്നു.

ഡിന്നര്‍ വിത്ത് കളക്ടര്‍, സംവാദ് എന്നീ പരിപാടിയിലൂടെ 25,000 വിദ്യാര്‍ത്ഥികളുമായി സംവദിച്ചുവെന്ന് അദ്ദേഹം പറയുന്നു. വിദ്യാര്‍ത്ഥികളുടെ ആശങ്കകളെ അദ്ദേഹം അഭിസംബോധന ചെയ്തു.

എന്നാല്‍, പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത് മറ്റൊന്നാണ്. വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെ തുടര്‍ന്നുള്ള നെഗറ്റീവ് പ്രചാരണം വിദാര്‍ത്ഥികളുടെ എണ്ണം കുറച്ചുവെന്ന് അവര്‍ പറയുന്നു. മുമ്പ് 2-2.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നയിടത്ത് ഇപ്പോള്‍ 85,000 മുതല്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ വരെയാണുള്ളത്. 7,000 കോടി രൂപയുടെ ബിസിനസ് 3,500 കോടി രൂപയായി കുറഞ്ഞു.

കോട്ട കെയേഴ്‌സ് എന്ന പദ്ധതി ആരംഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം.


#Daily
Leave a comment