TMJ
searchnav-menu
post-thumbnail

TMJ Daily

വാൻസ് ബോൽട്ടറെ കണ്ടെത്താൻ 50,000 ഡോളർ പാരിതോഷികം

15 Jun 2025   |   2 min Read
TMJ News Desk

മേരിക്കയിലെ മിനസോട്ട സംസ്ഥാനത്തെ ഡെമോക്രാറ്റിക്‌ പാർട്ടി നേതാവായ എമെറിറ്റ മെലിസ ഹോർട്ട്മാനെയും അവരുടെ ഭർത്താവിനെയും വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന വാൻസ് ബോൽട്ടറെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ പാരിതോഷികം എഫ്ബിഐ വാഗ്ദാനം ചെയ്തു. ഹോർട്ട്മാനെയും, ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിലും സംസ്ഥാന സെനറ്റർ ജോൺ ഹോഫ്മാനെയും, ഭാര്യയെയും വെടിവച്ച കേസിലും ബോൽട്ടർ പ്രതിയാണ്. മിനസോട്ട സംസ്ഥാനത്തെ അസംബ്ലി സ്പീക്കർ ആയിരിന്നു കൊല്ലപ്പെട്ട എമെറിറ്റ മെലിസ ഹോർട്ട്മാൻ.  

മിനസോട്ട ഗവർണർ ടിം വാൾസ് "രാഷ്ട്രീയ പ്രേരിത കൊലപാതകം" എന്ന് വിശേഷിപ്പിച്ച ഈ സംഭവത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അപലപിച്ചു.  

നിയമപാലകരും എഫ്ബിഐയും പറയുന്നതനുസരിച്ച്, 57കാരനായ വാൻസ് ലൂഥർ ബോൽട്ടർ കൊല്ലപ്പെട്ട മുൻ മിനസോട്ട ഹൗസ് സ്പീക്കർ മെലിസ ഹോർട്ട്മാന്റെയും ഭർത്താവ് മാർക്കിന്റെയും വീട്ടിൽ നിന്നും പോലീസിന് നേരെ വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാന സെനറ്റർ ജോൺ ഹോഫ്മാനെയും, ഭാര്യയെയും പ്രതി വെടിവച്ചു പരിക്കേൽപ്പിച്ചു.

പോലീസ് എസ്‌യുവി പോലെ തോന്നിക്കുന്ന ഒരു വാഹനം പ്രതി ഉപേക്ഷിച്ചുവെന്നും അതിൽ നിന്ന് ഉദ്യോഗസ്ഥർ ഒരു "മാനിഫെസ്റ്റോ"യും പ്രതി ലക്ഷ്യമിട്ട മറ്റ് രാഷ്ട്രീയക്കാരുടെയും സ്ഥാപനങ്ങളുടെയും പട്ടികയും കണ്ടെത്തിയെന്നും സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. 'ബോൽട്ടറിനെ ആയുധധാരിയും അപകടകാരിയുമായി കണക്കാക്കണം, അദ്ദേഹം ഇപ്പോഴും മിനിയാപൊളിസ്-സെന്റ് പോൾ പ്രദേശത്താണെന്ന് വിശ്വസിക്കപ്പെടുന്നു,' മിനസോട്ട ബ്യൂറോ ഓഫ് ക്രിമിനൽ അപ്രെഹെൻഷൻ സൂപ്രണ്ട് ഡ്രൂ ഇവാൻസ് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതിക്ക് സുവിശേഷ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഒരു റോയിട്ടേഴ്‌സ് റിപ്പോർട്ട് പറഞ്ഞു. പ്രതിയുടെ ഓൺലൈൻ പോസ്റ്റിംഗുകളുടെയും, പൊതു രേഖകളുടെയും അവലോകനം അനുസരിച്ച് ഗാസ മുനമ്പിലും ആഫ്രിക്കയിലും പരിചയസമ്പന്നനായ ഒരു സുരക്ഷാ വിദഗ്ദ്ധനാണെന്ന് അയാൾ അവകാശപ്പെടുന്നു. ഭക്ഷ്യ-സേവന കമ്പനികളുടെ മുൻ ജീവനക്കാരനാണെന്നും ബോൽട്ടർ ഓൺലൈനിൽ സ്വയം വിശേഷിപ്പിച്ചു.

ഒരു വർഷത്തിലേറെയായി മിനിയാപൊളിസിൽ ബോൽറ്ററുമായി ഒരു വീട് പങ്കിടുന്ന 59കാരനായ ഡേവിഡ് കാൾസൺ, വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്ന് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ശനിയാഴ്ച രാവിലെ 6 മണിയോടെ(1100 GMT) ബോൽറ്ററിൽ നിന്ന് താൻ ഉടൻ മരിച്ചേക്കാമെന്ന് പറയുന്ന ഒരു സന്ദേശം ലഭിച്ചു. ഇക്കാര്യങ്ങൾ കാൾസൺ പോലീസിനെ അറിയിച്ചു.

പ്രതി ഉപേക്ഷിച്ച വാഹനത്തിൽ നിന്ന് കണ്ടെത്തിയ പട്ടികയിൽ ഗർഭഛിദ്ര ദാതാക്കൾ, മിനസോട്ടയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും നിയമനിർമ്മാതാക്കൾ എന്നിവരുൾപ്പെടെ 70ഓളം പേരുകൾ ഉണ്ടായിരുന്നതായി നിയമപാലക വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഹോർട്ട്മാൻമാരും മറ്റ് ഇരകളായ സംസ്ഥാന സെനറ്റർ ജോൺ ഹോഫ്മാനും ഭാര്യയും പട്ടികയിൽ ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രതിനിധി ഇൽഹാൻ ഒമർ, സെനറ്റർ ടീന സ്മിത്ത്, മിനസോട്ട അറ്റോർണി ജനറൽ കീത്ത് എലിസൺ എന്നിവരുൾപ്പെടെ ഡസൻ കണക്കിന് മിനസോട്ട ഡെമോക്രാറ്റുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നിയമപാലകരെ ഉദ്ധരിച്ച് എബിസി ന്യൂസ് പറഞ്ഞു.




#Daily
Leave a comment