
സമരം 50ാം ദിനം: ആശാ പ്രവര്‍ത്തകര്‍ തലമുണ്ഡനം ചെയ്തു
സെക്രട്ടറിയേറ്റ് പടിക്കല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. സമരത്തിന്റെ അമ്പതാംദിനമാണിന്ന്. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്.
എന്നാല്‍, സെക്രട്ടറിയേറ്റിന് മുന്നില്‍ തലമുണ്ഡനം ചെയ്തവര്‍ പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാരിന് കൊടുത്തയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര തൊഴില്‍ നിയമപ്രകാരം ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്‌ക്രീം പ്രവര്‍ത്തകര്‍ക്ക് തൊഴിലാളിയെന്ന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്തയച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളിയെന്ന പദവി ലഭിച്ചാല്‍ അതിന് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്ക് ആശാ പ്രവര്‍ത്തകര്‍ അര്‍ഹരാകും.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അല്ലാതെ കേന്ദ്രം പങ്ക് നല്‍കുന്ന ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സമരക്കാര്‍ പറയുന്നില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും മന്ത്രി പറഞ്ഞു.
ആശാ പ്രവര്‍ത്തകര്‍ക്ക് ആദ്യമായി ഓണറേറിയം പ്രഖ്യാപിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.