
റഷ്യൻ ആക്രമണത്തിൽ 51 മരണം; 200 ലധികം പേർക്ക് പരിക്ക്
യുക്രൈനിലെ പോൾട്ടാവ (Poltava) നഗരത്തിൽ റഷ്യ നടത്തിയ ബാലസ്റ്റിക് മിസൈൽ ആക്രമണത്തിൽ ചുരുങ്ങിയത് 51 പേര് കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സൈനിക പരിശീലന ഇൻസ്റ്റിട്യൂട്ടിലും തൊട്ടടുത്ത ആശുപത്രിയിലുമാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും അധികവും സൈനിക പരിശീലനം തേടുന്നവരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നുണ്ട്.
2022 ഫെബ്രുവരിയിലെ യുക്രൈൻ അധിനിവേശത്തിന് ശേഷം റഷ്യ നടത്തുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തെ പറ്റി റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇൻസ്റ്റിട്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻസ് (മിലിറ്ററി) ന്റെ ഒരു കെട്ടിടം ഭാഗികമായി നശിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരുണ്ട്. നിരവധി പേരെ രക്ഷപ്പെടുത്തിയെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും 370 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന നഗരമാണ് പോൾട്ടാവ. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖർക്കിവിനും കീവിനും മധ്യേയുള്ള പ്രദേശമാണ് പോൾട്ടാവ നഗരം.
എല്ലാ വിധത്തിലുമുള്ള രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ആക്രമണം ഉണ്ടായതിനെ പറ്റി അന്വേഷണം പ്രഖ്യാപിച്ചുവെന്നും സെലൻസ്കി അറിയിച്ചു.