ഇന്ത്യയിൽ നിന്ന് കുടിയേറി 6,500 കോടിശ്വരന്മാർ; ദുബായും സിംഗപ്പൂരും ഇഷ്ട രാജ്യങ്ങൾ
രാജ്യം വിട്ടുള്ള കുടിയേറ്റം സജീവമാകുന്ന അവസരത്തിൽ ഈ വർഷം ഇന്ത്യയ്ക്ക് ഏകദേശം 6,500 കോടീശ്വരന്മാരെ നഷ്ടമാകും. ലോകമെമ്പാടുമുളള സമ്പത്തും നിക്ഷേപ കുടിയേറ്റ പ്രവണതകളും നീരീക്ഷിക്കുന്ന ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തൽ.
രാജ്യം വിട്ടുപോകുന്ന കോടീശ്വരൻമാരുടെ എണ്ണത്തിൽ ഒന്നാമതുള്ളത് ചൈനയാണ്. 13,500 വ്യക്തികളെ ചൈനയ്ക്ക് നഷ്ടമാകുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. തുടർന്നുള്ള സ്ഥാനത്ത് ഇന്ത്യയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയ കോടീശ്വരൻമാരുടെ എണ്ണം 7,500 ആയിരുന്നു. ഈ വർഷം 1000 പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉയർന്ന ആസ്തിയുള്ളവരെയും 1 മില്യൺ ഡോളറോ അതിലധികമോ നിക്ഷേപിക്കാൻ കഴിയുന്നവരെയോ ആണ് ഹെൻലി ആൻഡ് പാർട്‌നേഴ്‌സ് പഠനത്തിൽ ഉൾപ്പെടുത്തിയത്. 2023-2024 വർഷങ്ങളിലായി ആഗോളതലത്തിൽ യഥാക്രമം 1,22,000 മുതൽ 1,28,000 കോടീശ്വരന്മാർ കുടിയേറുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ ഉയർന്ന സാമ്പത്തികമുള്ളവരുടെ കുടിയേറ്റം കഴിഞ്ഞ ദശകത്തിൽ ക്രമാനുഗതമായി വളർന്നതായി ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ സിഇഒ ഡോ. ജുർഗ് സ്റ്റെഫൻ പറഞ്ഞു.
കുറഞ്ഞ നികുതി, ഉയർന്ന ജീവിതനിലവാരം, കൂടുതൽ സ്വീകാര്യതയുള്ള പാസ്‌പോർട്ട് എന്നിവ ലക്ഷ്യം വച്ചാണ് ധനികരായ ഇന്ത്യക്കാർ കൂടുതലായും രാജ്യം വിടുന്നതെന്നും റിപ്പോർട്ട് പറയുന്നുണ്ട്. 2014-2018 കാലഘട്ടത്തിൽ 23,000 ഇന്ത്യൻ കോടീശ്വരന്മാർ വിദേശത്തേക്ക് കുടിയേറിയതായി മോർഗൻ സ്റ്റാൻലി നടത്തിയ പഠനവും വ്യക്തമാക്കിയിരുന്നു. പഴയ തലമുറ കോടീശ്വരന്മാർ ഇന്ത്യയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ പുതു തലമുറ വ്യവസായികളും പ്രൊഫഷനലുകളുമാണ് കൂടുതലായും വിദേശ പൗരത്വം നേടിയെടുക്കുന്നത്. നികുതിയിളവും ബിസിനസ് സാഹചര്യവുമാണ് സമ്പന്ന ഇന്ത്യക്കാരെ പൗരത്വം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.
കോടീശ്വരന്മാർ എങ്ങോട്ട് പോകുന്നു?
2023 ൽ ഓസ്ട്രേലിയ ലക്ഷ്യം വെച്ചാണ് 5,200 കോടീശ്വരന്മാരുടെ കുടിയേറ്റം. 2022 ൽ റെക്കോർഡ് വർധനവ് നേടിയ യുഎഇ ഈ വർഷം 4,500 പുതിയ കോടീശ്വരന്മാരെ കൂടി രാജ്യത്ത് സ്വീകരിക്കുമെന്നും പഠനങ്ങൾ വെളിപ്പെടുത്തി. ഈ വർഷം സിംഗപ്പൂരിലാകട്ടെ 3,200 പേരായിരിക്കും എത്തുന്നതെന്ന് പ്രതീക്ഷിക്കുന്നു. യുഎസിൽ 2,100 പേരും എത്തിച്ചേരും. സ്വിറ്റ്സർലൻഡ്, കാനഡ, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ, ന്യൂസിലാൻഡ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.
കുടിയേറ്റം ശക്തമാക്കി ഇന്ത്യൻ ജനത
2022 ൽ വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരുടെ എണ്ണം സർവകാല റെക്കോർഡായ 2,25,620-ത്തിൽ എത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വെളിപ്പെടുത്തി. 2023 ഫെബ്രുവരി 9ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 12 വർഷത്തിനിടെ 16.6 ലക്ഷം ഇന്ത്യക്കാരാണ് മറ്റു രാജ്യങ്ങളിൽ പൗരത്വം നേടിയത്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു വിദേശങ്ങളിൽ കുടിയേറുന്നവർ മിക്കവാറും ഉയർന്ന സാമ്പത്തിക ശ്രേണിയിൽ നിന്നുള്ളവരാണ്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുന്നുവെന്ന ആരവങ്ങൾക്കിടയിലാണ് അതിസമ്പന്നർ നാട് ഉപേക്ഷിച്ചു പോവുന്നത്.
ദേശീയതയിലൂന്നിയ രാഷ്ട്രീയത്തിന്റെ ദശാബ്ദത്തിലാണ് നാടുവിടൽ കൂടുതലായി കാണുന്നത്. വിദേശത്തുള്ള ഇന്ത്യക്കാർ മടങ്ങിവരണമെന്ന പ്രധാന മന്ത്രിയുടെ ആഹ്വാനവും ആരും ചെവിക്കൊള്ളുന്നതിന്റെ സൂചനകൾ കാണാനില്ല. 2015 ജനുവരിയിൽ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉൽഘാടനം ചെയ്യവേയായിരുന്നു മോദിയുടെ ആഹ്വാനം.
കോവിഡ് പടർന്നു പിടിച്ച 2020ൽ മാത്രമാണ് പൗരത്വം ഉപേക്ഷിച്ചവരുടെ സംഖ്യ ഒരു ലക്ഷത്തിന് താഴെ പോയത്. സർക്കാർ നടപടികൾ മന്ദഗതിലായ ആ വർഷംപോലും 85,256 ഇന്ത്യക്കാർ വിദേശ പൗരത്വം സ്വീകരിക്കുകയുണ്ടായി. എന്നാൽ, 2021ൽ ആ സംഖ്യ നേരേ ഇരട്ടിയാവുകയാണ് ചെയ്തത്. ആ വർഷം 163,370 പേർ പൗരത്വം ഉപേക്ഷിച്ചു. 2022ൽ എത്തുമ്പോൾ ഇതിൽ വീണ്ടും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാർ 135 രാജ്യങ്ങളിലായി പൗരത്വം സ്വീകരിച്ചതായാണ് സർക്കാർ പറയുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം, ഏറ്റവും അധികം ഇന്ത്യക്കാർ സ്വീകരിക്കുന്നത് യുഎസ്സ് പൗരത്വമാണ്. കാനഡ, യുകെ, ഓസ്ട്രേലിയ, ഇറ്റലി എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളവ. ഏഷ്യൻ രാജ്യങ്ങളിൽവച്ച് സിംഗപ്പൂരിലെ പൗരത്വമാണ് ഇന്ത്യക്കാർ ഏറ്റവുമധികം സ്വീകരിക്കുന്നതെന്നും കണക്കുകൾ പറയുന്നു.
യുഎഇ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ഇസ്രയേൽ, സ്വിറ്റ്‌സർലൻഡ്, യുഎസ്സ്, പോർച്ചുഗൽ, ഗ്രീസ്, കാനഡ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് സമ്പന്നരായ ഇന്ത്യക്കാർക്ക് പ്രിയം. എന്നാൽ ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷനലുകളും വിദേശ പൗരത്വത്തിലൂടെ ലക്ഷ്യമാക്കുന്നത് മറ്റു പല കാര്യങ്ങളാണ്. വിദേശ രാജ്യങ്ങളിലെ ജോലി സാഹചര്യം, വർക്ക്-ലൈഫ് ബാലൻസ് എന്നിവ അവർക്ക് അത്യാകർഷകമായി തോന്നുന്നുണ്ടെന്ന് ഇന്റർ നേഷൻസ് എന്ന സമൂഹ മാധ്യമം നടത്തിയ പഠനം പറയുന്നു. അതി ദേശീയതിലൂന്നിയ രാഷ്ട്രീയവും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയേക്കുറിച്ചുള്ള വർത്തമാനങ്ങളും ഒരു വശത്ത് നിറയുമ്പോൾപോലും, ലക്ഷക്കണക്കിന് പൗരന്മാർ പൗരത്വം ഉപേക്ഷിക്കുന്ന വൈരുധ്യം നിറഞ്ഞ കാഴ്ചയാണ് ഇന്ത്യയിൽ കാണാനാവുന്നത്.