
സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ഇന്ത്യയിൽ 66% ബിസിനസുകള്‍ക്കും കൈക്കൂലി നല്‍കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്
സര്‍ക്കാരിന്റെ സേവനങ്ങള്‍ ലഭിക്കുന്നതിനായി ഇന്ത്യയില്‍ 66 ശതമാനം ബിസിനസുകള്‍ക്കും കൈക്കൂലി നല്‍കേണ്ടി വരുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയിലെ 159 ജില്ലകളിലായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.
വിതരണക്കാര്‍ ആകുന്നതിന്, കരാറുകളും ഉത്തരവുകളും ലഭിക്കുന്നതിന്, പണം ലഭിക്കുന്നതിന് എന്നിവയ്ക്കായി കഴിഞ്ഞ 12 മാസത്തിനിടയില്‍ വ്യത്യസ്തതരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കൈക്കൂലി നല്‍കേണ്ടി വന്നതായി ബിസിനസ് സ്ഥാപനങ്ങള്‍ പറയുന്നു.
ഈ വര്‍ഷം മെയ് 22-നും നവംബര്‍ 30-നും ഇടയിലാണ് ഈ സര്‍വേ നടത്തിയത്. റിപ്പോര്‍ട്ട് ചെയ്ത ആകെ കൈക്കൂലിയില്‍ 75 ശതമാനം നിയമ, കാലാവസ്ഥ, ഭക്ഷ്യ, മരുന്ന്, ആരോഗ്യം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ടി വന്നു.
ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക്, മലിനീകരണ വകുപ്പ്, മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍, വൈദ്യുത വകുപ്പ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നു.
18,000 പ്രതികരണങ്ങളാണ് സര്‍വേയില്‍ ലഭിച്ചത്. ഇതില്‍ കൈക്കൂലി നല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്ന് 54 ശതമാനം പേര്‍ പറയുന്നു. അതേസമയം, ഉദ്യോഗസ്ഥതലത്തിലെ പ്രക്രിയയെ മറികടക്കാന്‍ സ്വമേധയാ കൈക്കൂലി നല്‍കിയെന്ന് 46 ശതമാനം പേര്‍ പറയുന്നു.