അഗത്തി വിമാനത്താവളത്തില്‍ രണ്ട് ദിവസമായി കുടുങ്ങി കിടക്കുന്നത് 68 പേര്‍
അലയന്‍സ് എയര്‍ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലം ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത് 68 യാത്രക്കാരാണ്. രണ്ട് ദിവസമായി ഭക്ഷണമോ വെള്ളമോ ലഭിക്കാതെ കഴിയുകയാണ് ഇവര്‍. യാത്രാ സംഘത്തില്‍ വയോധികരും കുട്ടികളും ഉണ്ടെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തില്‍ നിന്ന് എറണാകുളത്തേക്ക് മടക്കയാത്രയ്ക്ക് പുറപ്പെടാനിരിക്കെയാണ് വിമാനം റദ്ദാക്കിയത്. സാങ്കേതി തകരാര്‍ മൂലമാണ് വിമാനം റദ്ദാക്കിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. മെയ് 16 ന് രാവിലെ 10.50 ന് വിമാനം പുറപ്പെടാനിരിക്കുന്നതിന് രണ്ട് മിനിറ്റ് മുന്‍പായി യാത്രക്കാരെ വിമാനത്തില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. ഉടന്‍ യാത്ര ആരംഭിക്കുമെന്ന നിര്‍ദേശത്തിനൊടുവില്‍ സര്‍വീസ് റദ്ദാക്കിയതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഈ വിമാനം ഇവിടെ നിന്നും നീക്കാതെ മറ്റൊരു വിമാനത്തിന് ഇങ്ങോട്ട് പ്രവേശിക്കാനാകില്ല.
സാങ്കേതിക വിദഗ്ധര്‍ ഉടന്‍ എത്തുമെന്നും തടസ്സം പരിഹരിച്ചാല്‍ മാത്രമേ സര്‍വീസ് നടത്താനാകൂവെന്നും അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നിന്നും കണക്ഷന്‍ വിമാനത്തില്‍ മറ്റിടങ്ങളിലേക്ക് പോകേണ്ടവരുടെ യാത്രയും ഇതോടെ മുടങ്ങി.