
ഡിജിറ്റൽ അറസ്റ്റു വഴി വർധമാൻ ഗ്രൂപ്പ് മേധാവിയുടെ 7 കോടി രൂപ തട്ടി
വർധമാൻ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എസ് പി ഓസ്‌വാളിൽ നിന്നും 'ഡിജിറ്റൽ അറസ്റ്റു' നടത്തിയെന്ന് പറഞ്ഞ വ്യാജേന ഓൺലൈൻ തട്ടിപ്പുകാർ 7 കോടി രൂപ തട്ടിയെടുത്തു. ഓഗസ്റ്റ് 28, 29 തീയതികളിലാണ് ഡിജിറ്റൽ അറസ്റ്റ് ഉണ്ടായത്.
തട്ടിപ്പുകാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരിൽ ആൾമാറാട്ടം നടത്തിയതായും ഓസ്‌വാൾ പറഞ്ഞു. ടെക്സ്ടൈൽ മേഖലയിലെ പ്രമുഖരാണ് വർധമാൻ ഗ്രൂപ്പ്. കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട കേസ് എന്നാണ് തട്ടിപ്പുകാർ പറഞ്ഞതെന്ന് ഒരു ഇംഗ്ലീഷ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ 82 കാരനായ ഓസ്‌വാൾ വെളിപ്പെടുത്തി.
തട്ടിപ്പുകാർ നിർദേശിച്ച വിവിധ അക്കൗണ്ടുകളിലായി കൈമാറിയ 7 കോടിയിൽ നിന്നും 5.25 കോടി രൂപ ഫ്രീസ് ചെയ്തതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ആസ്സാം തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്നും രണ്ടു പേരെ അറസ്റ്റു ചെയ്തു. അന്തർസംസ്ഥാന സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.