
2018 മുതല്‍ നിയമിതരായ ഹൈക്കോടതി ജഡ്ജിമാരില്‍ 77 ശതമാനവും ഉന്നതകുലജാതര്‍
2018 മുതല്‍ ഹൈക്കോടതികളില്‍ നിയമിച്ച ജഡ്ജിമാരില്‍ 77 ശതമാനവും മേല്‍ജാതിക്കാരാണെന്ന് കേന്ദ്ര നിയമമന്ത്രാലയം. പട്ടിക ജാതിക്കാരില്‍ നിന്നും 3 ശതമാനം പേരെയും മത ന്യൂനപക്ഷങ്ങളില്‍ നിന്നും 5.1 ശതമാനം പേരെയും നിയമിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഉന്നത ജുഡീഷ്യറിയിലെ സാമൂഹിക വൈവിദ്ധ്യത്തെക്കുറിച്ചുള്ള ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝായുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രാലയം ഈ വിവരങ്ങള്‍ നല്‍കിയത്. എന്നാല്‍ ജാതി തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും പറഞ്ഞു. ഭരണഘടന അനുസരിച്ച് സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ജാതി അധിഷ്ഠിത സംവരണം അനുവദിക്കാത്തത് കാരണമാണ് വിവരങ്ങള്‍ ലഭ്യമല്ലാത്തത്.
എന്നാല്‍, ഹൈക്കോടതി ജഡ്ജിമാര്‍ തങ്ങളുടെ സാമൂഹിക പശ്ചാത്തലത്തിന്റെ വിവരങ്ങള്‍ നല്‍കണമെന്ന് 2018ല്‍ ചട്ടം നിലവില്‍ വന്നിരുന്നു. അതിനാല്‍ ജഡ്ജിമാരെ ശുപാര്‍ശ ചെയ്തവര്‍ നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് മറുപടി നല്‍കിയതെന്ന് കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞു. സുപ്രീംകോടതി, ഹൈക്കോടതി ചീഫ്ജസ്റ്റിസുമാരാണ് പുതിയ ജഡ്ജിമാരെ നിര്‍ദ്ദേശിക്കുന്നത്.
2018 മുതല്‍ ഹൈക്കോടതികളില്‍ നിയമിതരായ 715 ജഡ്ജിമാരില്‍ 551 പേര്‍ പൊതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. 22 പേര്‍ പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്നും 16 പേര്‍ പട്ടികജാതിയില്‍ നിന്നും 89 പേര്‍ മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍പ്പെടുന്നവരും ആണെന്ന് മന്ത്രി പറഞ്ഞു.