Photo : Twitter
സെർബിയയിൽ വെടിവയ്പ്പിൽ 8 മരണം, 13 പേർക്ക് പരിക്ക്
സെർബിയയിൽ മ്ലാഡെനോവാക്ക് പട്ടണത്തിന് സമീപം ഉണ്ടായ വെടിവയ്പിൽ എട്ട്‌പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം പൊലീസ് ഉദ്യോഗസ്ഥനുമായി ഉണ്ടായ തർക്കത്തെ തുടർന്ന് 21 കാരൻ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കണ്ടെത്തുന്നതിനായി ചെക്ക്‌പോസ്റ്റുകളിലുൾപ്പെടെ പൊലീസ് വ്യാപക തിരച്ചിലാണ് നടത്തിയത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളിൽ പറയുന്നു. രണ്ട് ദിവസത്തിനിടെ സെർബിയയിൽ ഇത് രണ്ടാമത്തെ വെടിവയ്പ്പാണ് നടക്കുന്നത്. ആരോഗ്യമന്ത്രിയും രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ അലക്‌സാണ്ടർ വുലിനും പുലർച്ചെ അക്രമസ്ഥലത്തേക്ക് യാത്രതിരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുടർച്ചയായി വെടിവയ്പ്പ്
വ്യാഴാഴ്ച സെർബിയയുടെ തലസ്ഥാനമായ ബൽഗ്രേഡിലെ സ്‌കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 8 വിദ്യാർത്ഥികളും ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിയുതിർത്ത 14 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്രാക്കറിലെ വ്‌ലാദിസ്ലാവ് റിബ്‌നികർ സ്‌കൂളിലായിരുന്നു സംഭവം. സെൻട്രൽ ബൽഗ്രേഡിലെ മറ്റൊരു സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് തന്റെ പിതാവിന്റെ തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. കൃത്യം നിർവഹിക്കുന്നതിന് മുൻപ് പ്രതി സ്‌കൂളിന്റെ രൂപരേഖയും കൊലപ്പെടുത്തേണ്ടവരുടെ പട്ടികയും തയ്യാറാക്കിയതായും പൊലീസ് കണ്ടെത്തി. ഈ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. കൊല്ലപ്പെട്ടത് ഏഴ് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ്. ഇതിൽ ഒരു പെൺകുട്ടി ഫ്രഞ്ച് പൗരയാണെന്ന് ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിയമങ്ങൾക്ക് നിയന്ത്രണം
സെർബിയയിൽ ആയുധങ്ങൾ കൈവശം വെക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും വെടിവയ്പ്പുകളും ആക്രമണങ്ങളും ഉണ്ടാവുന്നത് കുറവായിരുന്നു. 2013 ൽ സെർബിയയിലെ ഒരു ഗ്രാമത്തിൽ സൈനികൻ 13 പേരെ കൊലപ്പെടുത്തിയതാണ് അവസാനമായി സെർബിയയിൽ നടന്ന വെടിവയ്പ്പ്. നിലവിൽ ഉണ്ടായ ആക്രമണങ്ങളെ തുടർന്ന് സെർബിയൻ സർക്കാർ തോക്ക് കൈവശം വെക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. സമാനമായി മാർച്ചിൽ അമേരിക്കയിലെ ടെന്നസയിലെ സ്‌കൂളിൽ നടന്ന വെടിവയ്പ്പിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും വെടിവയ്പ്പുണ്ടാവുന്നത് തുടർക്കഥയായതോടെ അമേരിക്കയിൽ തോക്ക് കൈവശം വെക്കുന്നത് സംബന്ധിച്ച നിയമങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.
യൂറോപ്പിൽ തോക്ക് കൈവശം വെക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യമാണ് സെർബിയ. അമേരിക്കയിൽ നിന്നുമാണ് ഇത്തരത്തിലുള്ള ആക്രമണത്തിന്റെ റിപ്പോർട്ടുകൾ തുടർച്ചയായി ഉണ്ടാവാറുള്ളത്. എന്നാൽ ഇത്തരം അനിഷ്ടസംഭവങ്ങൾ യൂറോപ്പിലും അടുത്തകാലങ്ങളിലായി കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 1990 ലാണ് തോക്കുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ സെർബിയൻ ഗവൺമെന്റ് അവസാനമായി കർശനമാക്കുന്നത്.