TMJ
searchnav-menu
post-thumbnail

TMJ Daily

അഫ്ഗാനിൽ വിഷബാധയേറ്റ് 80 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

05 Jun 2023   |   2 min Read
TMJ News Desk

ടക്കൻ അഫ്ഗാനിസ്ഥാനിലെ പ്രൈമറി സ്‌കൂളുകളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ 80 ഓളം പെൺകുട്ടികൾക്ക് വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം ആസൂത്രണം ചെയ്തവർക്ക് വ്യക്തി വിദ്വേഷമുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ ഈ പ്രവർത്തിയിലേക്ക് നയിച്ച കാരണങ്ങളോ പ്രത്യാഘാതങ്ങളോ വിശദീകരിച്ചിട്ടില്ല. ശനി, ഞായർ ദിവസങ്ങളിലായി സാർ-ഇ-പുൾ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.

2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ വന്നതിനു ശേഷം അഫ്ഗാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കുമെതിരെ അടിച്ചമർത്തൽ ശക്തമായിരിക്കുകയാണ്. എന്നാൽ ഇത്തരത്തിലൊരു പ്രവർത്തി ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് യൂണിവേഴ്‌സിറ്റി ഉൾപ്പെടെ ആറാം ക്ലാസിനു ശേഷമുള്ള വിദ്യാഭ്യാസം പെൺകുട്ടികൾക്ക് വിലക്കിയിരിക്കുകയാണ്. മാത്രമല്ല, മിക്ക ജോലികൾ ചെയ്യുന്നതിൽ നിന്നും പൊതു ഇടങ്ങളിലും സ്ത്രീകൾക്ക് വിലക്കുണ്ട്.

സങ്ചരക് ജില്ലയിലാണ് വിഷബാധയുണ്ടായതെന്ന് പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പ് മേധാവി മുഹമ്മദ് റഹ്‌മാനി പറഞ്ഞു. നസ്വാൻ-ഇ-കബോദ് ആബ് സ്‌കൂളിൽ 60 വിദ്യാർത്ഥിനികൾക്കും നസ്വാൻ-ഇ-ഫൈസാബാദ് സ്‌കൂളിൽ 17 പേർക്കും വിഷബാധയേറ്റതായി അദ്ദേഹം വ്യക്തമാക്കി. അടുത്തടുത്തായുള്ള രണ്ട് പ്രൈമറി സ്‌കൂളുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണമായിരുന്നു പദ്ധതിയിട്ടത്. വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി, ഇപ്പോൾ എല്ലാവരും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണം പുരോഗമിക്കുകയാണ്, ആക്രമണം നടത്താനായി മറ്റൊരാൾക്ക് പണം നല്കിയതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്നും റഹ്‌മാനി പറഞ്ഞു. എന്നാൽ പെൺകുട്ടികൾക്ക് എങ്ങനെയാണ് വിഷ ബാധയേറ്റതെന്നോ അവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചോ വിവരങ്ങൾ ഒന്നും തന്നെ നല്കിയില്ല. പ്രായം വെളിപ്പെടുത്തിയില്ലെങ്കിലും ഒന്നു മുതൽ ആറ് വരെ ക്ലാസുകളിലെ വിദ്യാർത്ഥിനികളാണ് അപകടത്തിൽപ്പെട്ടത്.

വിഷബാധയേറ്റ് ഇറാൻ വിദ്യാർത്ഥിനികൾ

2022 നവംബർ മാസത്തിലായിരുന്നു ഇറാനിലെ സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾക്ക് നേരെ വിഷവാതക പ്രയോഗം നടത്തിയത്. അയ്യായിരത്തിലധികം സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ വിഷപ്രയോഗം നടന്നിട്ടുണ്ടെന്ന് സംഭവത്തിൽ അന്വേഷണം നടത്തുന്ന ഇറാനിയൻ പാർലമെന്റ് അംഗം മുഹമ്മദ് ഹസൻ അൻസാരി ഐ.എസ്.എൻഎ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ആക്രമണം പ്രധാനമായും ലക്ഷ്യംവെച്ചത് പെൺകുട്ടികളെ ആയിരുന്നു. 25 പ്രവിശ്യകളിലെ 230 സ്‌കൂളുകളിൽ ആക്രമണം നടന്നു. അയ്യായിരത്തിൽ അധികം വിദ്യാർഥിനികൾക്കു വിഷബാധയേറ്റു.

പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾ പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷവാതക പ്രയോഗം എന്നാണ് സൂചന. അതേസമയം, ഇത്തരത്തിൽ ആക്രമണത്തിന് ഇരയായ പെൺകുട്ടികൾക്ക് ആർക്കും ജീവൻ നഷ്ടമായിട്ടില്ല. എന്നാൽ പലർക്കും ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾ, ഛർദി, തലകറക്കം, തളർച്ച തുടങ്ങിയ അനുഭവപ്പെട്ടിരുന്നു. സ്‌കൂൾ വിദ്യാർഥിനികൾക്കു നേരെ വിഷവാതക പ്രയോഗം നടക്കുന്നെന്ന ആരോപണം ഇറാൻ സർക്കാരിനു നേർക്കുള്ള വലിയ വിമർശനങ്ങൾക്കിടയാക്കി.

മഹ്‌സ അമീനിയുടെ മരണത്തിന് പിന്നാലെ പെൺകുട്ടികളുടെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. ഈ ദേശവ്യാപക പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽനിന്ന് തടയാനാണ് വിഷപ്രയോഗം നടത്തിയതെന്നാണ് ആരോപണം. കഴിഞ്ഞ സെപ്റ്റംബറിലാണ് മുടിയിഴകൾ പുറത്തുകാണും വിധത്തിൽ ഹിജാബ് ധരിച്ചെന്ന് ആരോപിച്ച് ഇറാൻ പൊലീസ് മഹ്‌സയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലിരിക്കേ നേരിട്ട മർദനമാണ് മഹ്‌സയുടെ മരണകാരണമെന്നാണ് ആരോപണം. എന്നാൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സർക്കാർ വാദം. സംഭവത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയതായും സർക്കാർ വെളിപ്പെടുത്തിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് പ്രവിശ്യകളിൽ നിന്നായി കുറച്ചാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉപ ആഭ്യന്തര വകുപ്പുമന്ത്രി മജീദ് മിറാഹ്‌മദി പറഞ്ഞു. ബന്ധപ്പെട്ട ഏജൻസികൾ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അറസ്റ്റിലായവരെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കാൻ തയാറാകാതിരുന്നതും തുടർ നടപടികൾ ഉണ്ടാകാതിരുന്നതും പ്രതിഷേധത്തിനിടയാക്കുകയുണ്ടായി.


#Daily
Leave a comment