ഗാസയില്‍ മരണം 8005; ആശുപത്രി ഒഴിയാന്‍ മുന്നറിയിപ്പുമായി ഇസ്രയേല്‍
ഗാസയിലെ അല്‍-ഖൂദ്‌സ് ആശുപത്രി അടിയന്തിരമായി ഒഴിയണമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍. ഇതോടെ ആശുപത്രിക്ക് നേരെ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. ആശുപത്രിയുടെ 50 മീറ്റര്‍ അകലെ ഇന്നലെയും ഇന്നും ബോംബാക്രമണം ഉണ്ടായി. ആശുപത്രി ഒഴിപ്പിക്കല്‍ അസാധ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസ് പറഞ്ഞു. ഇസ്രയേല്‍ ശക്തമായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 8005 പേരാണ്.
ആശുപത്രി ഒഴിപ്പിക്കല്‍ അസാധ്യം
വിശ്രമമില്ലാതെ ജോലി ചെയ്യുന്ന നൂറുകണക്കിന് പിആര്‍സിഎസ് ഉദ്യോഗസ്ഥര്‍, വടക്കന്‍ ഗാസയിലെ ലക്ഷക്കണക്കിന് മനുഷ്യര്‍, ആംബുലന്‍സ് ജീവനക്കാര്‍, ഓപ്പറേഷന്‍ റൂമുകള്‍, ജീവന്‍ വരെ അപകടത്തിലുള്ള രോഗികള്‍, ഇവരെ മുഴുവന്‍ ഒഴിപ്പിക്കുക എന്നത് അസാധ്യമാണ്. ആശുപത്രികളില്‍ ഉള്‍പ്പെടെ ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്. നിരവധി ആശുപത്രികള്‍ക്കു നേരെ കഴിഞ്ഞ ആഴ്ചകളില്‍ ശക്തമായ ആക്രമണമാണ് ഉണ്ടായത്. കരയുദ്ധം ആരംഭിച്ച് മൂന്നു ദിവസം ആകുന്നു. ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ട 8005 പേരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
കരയാക്രമണം കൂടുതല്‍ ശക്തമാക്കി
യുദ്ധത്തിന്റെ രണ്ടാംഘട്ടം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധം ആരംഭിച്ചത്. ഹമാസ് താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ച സ്ഥിതിയിലാണ്. ഇന്നലെ വൈകിട്ടോടെ ഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. റഫ ഇടനാഴി വഴി കൂടുതല്‍ സഹായം എത്തിക്കും എന്നും ജനങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് മാറണമെന്നുമാണ് ഇസ്രയേല്‍ പറയുന്നത്. എന്നാല്‍ ഒരിടവും സുരക്ഷിതമല്ലാത്ത വിധത്തിലാണ് ഇസ്രയേല്‍ ബോംബിങ് നടത്തുന്നത്.