
52 വര്‍ഷത്തേക്കാള്‍ വലുത് 9 വര്‍ഷം; വീണ ജോര്‍ജിനെതിരെ പദ്മകുമാര്‍
സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുത്ത പുതിയ സംസ്ഥാന സമിതിയില്‍ തന്നെ ഉള്‍പ്പെടുത്താത്തതിന്റേയും പാര്‍ട്ടിയില്‍ തന്നേക്കാള്‍ ജൂനിയറായ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ ഉള്‍പ്പെടുത്തിയതിന്റേയും രോഷം വീണ്ടും പ്രകടിപ്പിച്ച് മുന്‍ എംഎല്‍എ എ പദ്മകുമാര്‍. ഇന്നലെ വൈകുന്നേരം ചതിവ്, വഞ്ചന, അവഹേളനം. 52 വര്‍ഷത്തെ ബാക്കി പത്രം. ലാല്‍സലാം എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത പദ്മകുമാര്‍ ഇന്ന് മാധ്യമങ്ങളോട് കൂടുതല്‍ തുറന്ന് സംസാരിച്ചു.
സിപിഐഎമ്മില്‍ 52 വര്‍ഷം പ്രവര്‍ത്തിച്ച തന്നെ തഴയുകയും ഒമ്പത് വര്‍ഷം മാത്രം പ്രവര്‍ത്തിച്ച വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെയും അദ്ദേഹം വിമര്‍ശിച്ചു.
ഇന്നുവരെ സംഘടനാ രംഗത്ത് ഒരുകാര്യവും ചെയ്യാത്തയാളാണ് വീണാ ജോര്‍ജെന്ന് അദ്ദേഹം പറഞ്ഞു. വീണയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നമ്മള്‍ പോയി കണ്ടുപിടിച്ച് കൊണ്ടുവന്നയാളാണെന്നും അങ്ങനെയൊരാള്‍ രണ്ടു തവണ എംഎല്‍എയാകുന്നു. പെട്ടെന്ന് മന്ത്രിയാകുന്നുവെന്ന് മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പദ്മകുമാര്‍ പറഞ്ഞു.
വീണ തന്നെക്കാള്‍ ഒരുപാട് കഴിവുള്ള സ്ത്രീയാണെന്നും അതുകൊണ്ടാകും അവരെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. തന്നെ മാറ്റിനിര്‍ത്തിയതില്‍ മറ്റുകാര്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ കഴിവുള്ള സ്ത്രീയാണ്. പക്ഷേ, അവരെപ്പോലെ ഒരാളിനെ പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനം മാത്രം നോക്കി സിപിഐഎമ്മിന്റെ ഉന്നതഘടകത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സ്വാഭാവികമായും ഒട്ടേറെപ്പേര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്നും അത് തുറന്ന് പറയാന്‍ ഒരാളെങ്കിലും വേണമല്ലോയെന്നും അതുകൊണ്ട് താന്‍ തുറന്നുപറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ എന്തുവന്നാലും സിപിഐഎം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെതിരെ സിപിഐഎം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അച്ചടക്ക നടപടി നേരിട്ടാലും പാര്‍ട്ടിയില്‍ തുടരുമെന്നും മുന്‍ എംഎല്‍എ വ്യക്തമാക്കി.
പാര്‍ട്ടി ഘടകത്തിലാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇന്നലെ ഫെയ്‌സ്ബുക്കിലാണ് അഭിപ്രായം പറഞ്ഞത്. അതുകൊണ്ട് പാര്‍ട്ടി എന്ന നിലയ്ക്ക് താന്‍ ചെയ്ത തെറ്റിന് സ്വാഭാവികമായും ശിക്ഷയുണ്ടാകും. അച്ചടക്ക നടപടിയില്ലെങ്കില്‍ ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലല്ലോ. അത് തനിക്ക് മാത്രമല്ല മറ്റുള്ളവർക്കും ബാധകമാകണമെന്നും അദ്ദേഹം പറഞ്ഞു.
15ാം വയസ്സില്‍ എസ് എഫ് ഐയുടെ പ്രവര്‍ത്തകനായാണ് വന്നതെന്നും ഇപ്പോള്‍ 52 വര്‍ഷമായിയെന്നും അദ്ദേഹം പറഞ്ഞു. ഇനിയിപ്പോള്‍ വയസ്സാംകാലത്ത് വേറെയൊരു പാര്‍ട്ടി നോക്കാന്‍ താനില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.
താന്‍ സിപിഐഎം ആയിരിക്കും പാര്‍ട്ടി ആശയങ്ങളിലും നിലപാടിലും മാറ്റംവരുത്താന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി അംഗത്വത്തോടെ ഇവിടെ നില്‍ക്കണമെന്നാണ് ആഗ്രഹം. അത് പാര്‍ട്ടി അനുവദിക്കുകയാണെങ്കില്‍ ഇവിടെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.