REPRESENTATIONAL IMAGE
ഗാസയില്‍ ബോംബിങ്; കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ഇന്നലെ അവസാനിച്ചതോടെ ഗാസയില്‍ വീണ്ടും മനുഷ്യര്‍ മരിച്ചുവീഴുകയാണ്. വെടിനിര്‍ത്തല്‍ അവസാനിച്ചതായി അറിയിച്ച ഇസ്രയേല്‍ ഇന്നലെ തന്നെ ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നു. ഇന്നലെ മാത്രം 184 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
സോണ്‍ തിരിച്ച് സൈനിക നീക്കം
യുദ്ധം വീണ്ടും ആരംഭിച്ചതോടെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഇസ്രയേല്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ റഫാ അതിര്‍ത്തി വഴിയുള്ള സഹായവിതരണങ്ങള്‍ നിലച്ചതായി യുഎന്‍ അറിയിച്ചു. ഇന്നലെ നടന്ന ബോംബാക്രമണങ്ങളില്‍ നിരവധി വീടുകളാണ് നശിച്ചത്. ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്നും ബന്ദികളാക്കപ്പെട്ട എല്ലാ വനിതകളേയും മോചിപ്പിക്കാന്‍ തയ്യാറായില്ലെന്നും ആരോപിച്ചാണ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഇസ്രയേലിലെ തീവ്ര വലതുപക്ഷക്കാരുടെ സമ്മര്‍ദ്ദമാണ് വെടിനിര്‍ത്തല്‍ പിന്‍വലിക്കുന്നതിന് കാരണം എന്ന വിലയിരുത്തലുകളുമുണ്ട്.
ഇന്നലെ 184 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15000 ആയി. ഗാസയിലെ ജനജീവിതം ദുസ്സഹമാണ്, ജനങ്ങളുടെ കണ്ണുകളില്‍ ഭീതി നിറഞ്ഞിരിക്കുന്നു എന്ന് യുനിഫെസ് മേധാവി ജെയിംസ് എല്‍ഡര്‍ പറയുന്നു. വടക്കന്‍ ഗാസ കേന്ദ്രീകരിച്ച് ഇസ്രയേല്‍ നടത്തിയിരുന്ന ആക്രമണം ഇനി തെക്കന്‍ ഗാസയിലേക്കും നീളും എന്നാണ് ഇസ്രയേലിന്റെ നീക്കങ്ങളിലൂടെ വ്യക്തമാകുന്നത്. ഖാന്‍ യൂനിസ് പ്രദേശത്തുള്ളവരോട് റഫയിലെ അഭയ കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇസ്രയേല്‍ ലഘുലേഖ വിതരണം ചെയ്തിട്ടുണ്ട്.
ഗാസയെ രണ്ടായിരത്തോളം വരുന്ന സോണുകളായി തിരിച്ചാണ് ഇസ്രയേല്‍ സൈനിക നീക്കം നടത്തുന്നത്.