ആടുജീവിതം ദൃശ്യങ്ങൾ ചോര്‍ന്ന് പ്രചരിച്ചത് വിഷമകരം : ബ്ലെസ്സി
ആടുജീവിതം സിനിമയുടെ ഔദ്യോഗിക ദൃശ്യങ്ങൾ അല്ല ഇപ്പോള്‍ ചോര്‍ന്ന് പ്രചരിക്കുന്നതെന്ന് സംവിധായകന്‍ ബ്ലെസ്സി. ബിസിനസ് ആവശ്യങ്ങള്‍ക്കും രാജ്യാന്തര സിനിമാ മേളകള്‍ക്കും നല്‍കുന്നതിനായി തിരഞ്ഞെടുത്ത ഭാഗമാണ് ഇത്. ട്രെയിലര്‍ എന്നാല്‍ അത് ഒരു മിനിറ്റൊക്കെയല്ലേ വരൂ, മൂന്നു മിനിറ്റോളം വരുന്ന ഭാഗമാണ് പ്രചരിക്കുന്നത്. ഇത് വലിയ മനോവിഷമമുണ്ടാക്കിയെന്ന് അദ്ദേഹം പറയുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഇങ്ങനെയൊരു കാര്യം ഉണ്ടായതില്‍ അതിയായ മനഃപ്രയാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
'ഡെഡ്‌ലൈന്‍' എന്ന വിദേശ ഓൺലൈൻ മാധ്യമമാണ് ട്രെയിലര്‍ പുറത്തുവിട്ടത്. 'ഫോര്‍ പ്രിവ്യൂ' എന്ന് രേഖപ്പെടുത്തിയ പതിപ്പായിരുന്നു പ്രചരിച്ചത്. ട്രെയിലര്‍ വ്യാപകമായി പ്രചരിച്ചതോടെ യഥാര്‍ത്ഥ പതിപ്പ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി തയ്യാറാക്കിയ ട്രെയിലറാണ് പുറത്തുവന്നതെന്ന് പൃഥ്വി വീഡിയോക്കൊപ്പം കുറിച്ചു. ആടുജീവിതത്തിന്റെ ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്രതീക്ഷിതമായി സോഷ്യല്‍ മീഡിയയിലെ ചില ഗ്രൂപ്പുകളിലൂടെ പ്രചരിച്ചതിനാല്‍, പിന്നീട് അണിയറ പ്രവര്‍ത്തകര്‍ തന്നെ ദൃശ്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു. നോവലിസ്റ്റും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ബെന്യാമിനും സംഭവത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
ചിത്രത്തില്‍ സൗദി അറേബ്യയിലെത്തുന്ന ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായാകും ആടുജീവിതം പ്രേഷകര്‍ക്കു മുന്നിലെത്തുക. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് സംഗീതം. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.