
PHOTO: FACEBOOK
സി.പി.ഐ.എമ്മുമായി സഹകരിച്ചാല്‍ സീറ്റ് നല്‍കില്ല: മമത
പശ്ചിമ ബംഗാളില്‍ സി.പി.ഐ.എമ്മുമായി സഹകരിച്ചാല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നല്‍കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ച് കൊണ്ടിരിക്കുമ്പോഴാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. സി.പി.ഐ.എമ്മുമായി സഹകരിക്കാതിരുന്നാല്‍ സീറ്റ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്. മമതയുടെ ഈ പ്രതികരണത്തിലൂടെ ഇന്ത്യ മുന്നണിയും കോണ്‍ഗ്രസും വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
സീറ്റ് വിഭജനം തകര്‍ത്തത് കോണ്‍ഗ്രസ്
കോണ്‍ഗ്രസിനെതിരെ രൂക്ഷമായ രീതിയിലായിരുന്നു മമത പ്രതികരിച്ചത്. സീറ്റ് വിഭജന സാധ്യതകള്‍ തകര്‍ത്തത് കോണ്‍ഗ്രസ് തന്നെയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ഒരു സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസിന് ലോക്‌സഭയില്‍ രണ്ട് സീറ്റ് നല്‍കാമെന്നും അവിടെ വിജയമുറപ്പിക്കാം എന്ന് പറഞ്ഞതായും മമത കൂട്ടിച്ചേര്‍ത്തു.