
പാലോട് രവിയുടെ രാജി; തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക ചുമതല എൻ ശക്തന്
പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ച സാഹചര്യത്തിൽ തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക ചുമതല എൻ ശക്തന് നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. നിലവിൽ കെപിസിസി വൈസ് പ്രസിഡന്റ് ആണ് എൻ ശക്തൻ. കാട്ടാക്കട മുൻ എംഎൽഎയും, മുൻ ഗതാഗത മന്ത്രിയും, മുൻ സ്പീക്കറും കൂടെയാണ് എൻ ശക്തൻ.
കഴിഞ്ഞ ദിവസമാണ് വിവാദമായ പാലോട് രവിയുടെ ഫോൺ സംഭാഷണം ചോർന്നത്. എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്നും, കോൺഗ്രസിന്റെ അവസ്ഥ അധോഗതിയിലാണെന്നുമാണ് ഫോൺ സംഭാഷണത്തിൽ പാലോട് രവി പറഞ്ഞത്. കെപിസിസിയും എഐസിസിയും ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചതോടെ പാലോട് രവി രാജി വയ്ക്കുകയായിരുന്നു.
വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ ജലീലുമായി മൂന്ന് മാസം മുൻപ് പാലോട് രവി നടത്തിയ സംഭാഷണമാണ് മുഖ്യധാര മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിയത്. മുന്നറിയിപ്പ് രൂപേണ നടത്തിയ സംഭാഷണമായിരുന്നെങ്കിൽ കൂടെയും പരാമർശങ്ങൾ കടുപ്പമേറിയതാണെന്ന് പാർട്ടി വിലയിരുത്തിയതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. എ ജലീലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും കെപിസിസി പുറത്താക്കി.


