
കാന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ 100 രൂപയുടെ ഗുളിക; മരുന്നുമായി മുംബൈ ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ഗവേഷകര്‍
കാന്‍സര്‍ അതിജീവിച്ചവര്‍ക്ക് വീണ്ടും രോഗം വരുന്നത് പ്രതിരോധിക്കുന്നതിന് വേണ്ടി മരുന്ന് കണ്ടെത്തിയതായി മുംബൈ ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ഗവേഷകര്‍ അറിയിച്ചു. 100 രൂപ ചിലവ് വരുന്ന ഗുളികയിലൂടെ വീണ്ടും വരുന്ന കാന്‍സറിനെ 30 ശതമാനത്തോളം പ്രതിരോധിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
മൂന്നു മാസത്തിനകം മരുന്ന് വിപണിയിലെത്തിക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മരുന്ന് ഉപയോഗത്തിനുള്ള ലൈസന്‍സിനായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എഫ്.എസ്.എസ്.എ.ഐ) അപേക്ഷയും നല്‍കിയിട്ടുണ്ട്. അപ്പോഴും കാന്‍സറിന്റെ തിരിച്ചുവരവ് തടയുന്നതിനുള്ള ചികിത്സയ്ക്കായി മരുന്ന് ഉപയോഗിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.
മരുന്ന് വികസിപ്പിച്ചത് 10 വര്‍ഷമെടുത്ത്
മരുന്ന് വികസിപ്പിക്കുന്നതിനായി 10 വര്‍ഷമെടുത്തെന്നാണ് ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ സീനിയര്‍ സര്‍ജനും, ഗവേഷക സംഘത്തിലെ അംഗവുമായ ഡോ. രാജേന്ദ്ര ബാഡ്വെ പറഞ്ഞത്. റേഡിയേഷന്‍, കീമോതെറാപ്പി എന്നിവയുടെ പാര്‍ശ്വഫലങ്ങള്‍ പകുതിയായി കുറയ്ക്കാനും മരുന്നിന് സാധിക്കും. വായ, പാന്‍ക്രിയാസ്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാന്‍സറിനാണ് ഈ മരുന്ന് കൂടുതല്‍ ഫലപ്രദമാവുന്നത്.
ഗവേഷകരുടെ നേതൃത്വത്തില്‍ മരുന്ന് കണ്ടെത്തുന്നതിനായി എലികളിലാണ് പരീക്ഷണം നടത്തിയത്. മനുഷ്യരിലെ കാന്‍സര്‍ കോശങ്ങള്‍ എലികളില്‍ കടത്തിവിട്ടായിരുന്നു പരീക്ഷണം. ശേഷം കീമോതെറാപ്പിയും റേഡിയോതെറാപ്പിയും നടത്തിയതോടെ റേഡിയോ കോശങ്ങള്‍ നശിച്ച് ക്രെമാറ്റിന്‍ കണികകളാവുകയും അവ ശരീരത്തിന്റെ മറ്റിടങ്ങളില്‍ പ്രവേശിച്ച് കാന്‍സര്‍ കോശങ്ങളെ നശിപ്പിച്ചതായും ഡോ. രാജേന്ദ്ര ബാഡ്വെ വ്യക്തമാക്കി.