TMJ
searchnav-menu
post-thumbnail

സെര്‍ജിയോ റാമോസ് | PHOTO: INSTAGRAM

TMJ Daily

സൗദിയിലേക്കില്ല, ബോയ്ഹുഡ് ക്ലബ്ബിലേക്ക് തിരിച്ചെത്തി സെര്‍ജിയോ റാമോസ്

05 Sep 2023   |   2 min Read
TMJ News Desk

സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദ് മുന്നോട്ട് വച്ച ഓഫര്‍ നിരസിച്ച് സെര്‍ജിയോ റാമോസ് തന്റെ പഴയ ക്ലബ്ബായ സെവിയ്യയിലേക്ക് തിരിച്ചെത്തി. ഈ വര്‍ഷം പി.എസ്.ജി യുമായുള്ള താരത്തിന്റെ കരാര്‍ അവസാനിച്ചതിന് പിന്നാലെ അല്‍ ഇത്തിഹാദ് ഉള്‍പ്പടെയുള്ള പല ക്ലബ്ബുകളും റാമോസിനെ സൈന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സൗദി ക്ലബ്ബ് സമര്‍പ്പിച്ച വന്‍ ഓഫറുകള്‍ നിരസിച്ചാണ് റമോസ് സെവിയ്യയിലേക്കെത്തുന്നത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ തുടരണം എന്ന ആഗ്രഹമാണ് റാമോസ് സെവിയ്യയിലേക്ക് തിരിച്ചെത്താനുളള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ഒരു വര്‍ഷത്തേക്കാക്കുള്ള കരാറിലാണ് മുപ്പത്തേഴുകാരന്‍ സെവിയ്യയുമായി സൈന്‍ ചെയ്തിരിക്കുന്നത്.

സെവിയ്യയില്‍ നിന്ന് മാഡ്രിഡിലേക്ക്

സ്‌പെയ്‌നിലെ സെവിയ്യയില്‍ തന്നെ ജനിച്ച റാമോസ് തന്റെ യൂത്ത് കരിയര്‍ ആരംഭിക്കുന്നത് അവിടുത്തെ ഒരു ലോക്കല്‍ ക്ലബ്ബില്‍ നിന്നുമാണ്. അവിടെ നിന്നാണ് റാമോസ് 1996 ല്‍ സെവിയ്യയുടെ  അക്കാദമിയിലേക്ക് എത്തുന്നത്‌. 2004 ല്‍ താരം സീനിയര്‍ ടീമിനായി അരങ്ങേറ്റവും കുറിച്ചു. ഒരു വര്‍ഷക്കാലമാണ് റാമോസ് സെവിയ്യയുടെ സീനിയര്‍ ടീമിന്റെ ഭാഗമായത്. പിന്നീട് റാമോസ് എത്തിയത് ലോകഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നായ റയല്‍ മാഡ്രിഡിലേക്കാണ്. 27 മില്ല്യണ്‍ യൂറോയ്ക്കായിരുന്നു റാമോസിനെ റയല്‍ സൈന്‍ ചെയ്തത്. 2005 മുതല്‍ 2021 വരെ നീണ്ട 16 വര്‍ഷക്കാലം റയല്‍ മാഡ്രിഡിന്റെ ജേഴ്‌സിയണിഞ്ഞ താരം ടീമിനായി നേടാത്ത ട്രോഫികളില്ല. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളുള്‍പ്പടെ നിരവധി ട്രോഫികള്‍ റാമോസ് റയല്‍ മാഡ്രിഡിനോടൊപ്പം നേടി. 2016,17,18 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സിദാന്റെ നേതൃത്വത്തില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് നേടുമ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു റാമോസ്. 2015 ല്‍ ഇകര്‍ കസിയ്യസ് ടീം വിടുന്നതോട് കൂടിയാണ് റാമോസ് ടീമിന്റെ നായകനാകുന്നത്. 2021 ല്‍ താരം മാഡ്രിഡ് വിട്ട് പി.എസ്.ജിയിലേക്ക് പോവുകയായിരുന്നു. മാഡ്രിഡില്‍ റാമോസ് പുറത്തെടുത്ത പ്രകടനങ്ങളൊന്നും താരത്തിന് പാരീസില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. പ്രായം തന്നെയാണ് പ്രധാന ഘടകമായി നിന്നത്. സ്‌പെയ്ന്‍ ദേശീയ ടീം ഏറ്റവും മികച്ച് നിന്ന സമയത്ത് ആ സുവര്‍ണ്ണ നിരയുടെ ഭാഗമായിരുന്നു റാമോസ്. ദേശീയ ടീമിനായി 2010 ലെ ലോകകപ്പ് ഉള്‍പ്പടെ രണ്ട് യൂറോ കപ്പുകളും താരം നേടിയിട്ടുണ്ട്. 

സെവിയ്യയില്‍ തിരിച്ചെത്തുമ്പോള്‍

ലോകം കണ്ട ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായാണ് റാമോസിനെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. കരിയറിന്റെ തുടക്കകാലത്ത് സെന്റര്‍ ബാക്ക് പൊസിഷന് പുറമേ താരം റൈറ്റ് ബാക്കിലും കളിച്ചിരുന്നു. റയല്‍ മാഡ്രിഡില്‍ നിന്ന് സെര്‍ജിയോ റാമോസ് വിട പറയുന്ന സമയത്ത് സെവിയ്യയിലേക്ക് തിരിച്ച് പോകുമോ എന്നുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. എന്നാല്‍ ഇന്ന് വീണ്ടും താരം സെവിയ്യയുടെ ജേഴ്‌സിയണിയുന്നു. 'സെവിയ്യയില്‍ തിരിച്ചെത്താതെ മറ്റെവിടെയെങ്കിലും പോകുന്നത് അര്‍ത്ഥശൂന്യമാണ്' എന്നുള്ള പ്രതികരണമാണ് റമോസ് സെവിയ്യയില്‍ തിരിച്ചെത്തിയ ശേഷം ആദ്യം പറഞ്ഞത്. കഴിഞ്ഞ സീസണില്‍ ആദ്യം സെവിയ്യ തീരെ ഫോം ഔട്ട് ആയിരുന്നുവെങ്കിലും അവസാനത്തേക്കെത്തുമ്പോള്‍ മികച്ച രീതിയില്‍ തന്നെയായിരുന്നു ടീം കളിച്ചത്. യൂറോപ്പാ ലീഗ് കിരീടമുള്‍പ്പടെ സെവിയ്യ നേടിയുരുന്നു. പ്രതിരോധം തന്നെയായിരുന്നു ടീമിന്റെ കഴിഞ്ഞ സീസണിലെയും പ്രധാന പ്രശ്‌നം. സെന്റര്‍ ബാക്ക് പൊസിഷനില്‍ തന്നെയായിരിക്കും റാമോസ് സെവിയ്യയ്ക്കായി കളിക്കുക. ആഴ്‌സണലിനോടൊത്ത് ഗ്രൂപ്പ് ബിയില്‍ ആണ് ചാമ്പ്യന്‍സ് ലീഗില്‍ സെവിയ്യ.


#Daily
#sports
Leave a comment