TMJ
searchnav-menu
post-thumbnail

TMJ Daily

ഷെറിന്റെ മോചനം രാഷ്ട്രീയ പ്രേരിതം, ശുപാര്‍ശ തള്ളണം: ചെന്നിത്തല

01 Feb 2025   |   2 min Read
TMJ News Desk

ലപ്പുഴ  ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശി ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിനു ശിക്ഷാ കാലയളവില്‍ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിക്ക് ഒരു കാരണവശാലും ശിക്ഷാ ഇളവ് അനുവദിക്കരുതെന്നും ഷെറിനെ വെറുതെ വിടാനുള്ള ഫയലില്‍ ഒപ്പിടരുതെന്നും ആവശ്യപ്പെട്ട്  ചെന്നിത്തല ഗവര്‍ണര്‍ക്കു കത്ത് നല്‍കി.

ഷെറിനു ശിക്ഷയില്‍ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുന്നതുമാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.  മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളെന്ന് മാത്രമല്ല തടവില്‍ കഴിയവേ, സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനാല്‍ നാലു തവണ ജയില്‍ മാറ്റിയ ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നല്‍ വേഗത്തിലായിരുന്നു.

25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. ഇത് മന്ത്രിസഭയിലെ തന്നെ ഉന്നതരുടെ സ്വാധീനം മൂലമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ ജയില്‍ ഉപദേശക സമിതി ഡിസംബറില്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. യുഎസില്‍ നിന്നു മടങ്ങിയെത്തിയ ഭാസ്‌കര കാരണവരെ മരുമകളും മൂന്ന് ആണ്‍സുഹൃത്തുക്കളും ചേര്‍ന്നാണ് 2009 നവംബര്‍ 8ന് കൊലപ്പെടുത്തിയത്. 2010 ജൂണ്‍ 11ന് മാവേലിക്കര അഡിഷണല്‍ ആന്‍ഡ് സെഷന്‍സ് കോടതി (ഫാസ്റ്റ് ട്രാക്ക്) പ്രതികള്‍ക്കു മൂന്ന് ജീവപര്യന്തം കഠിന തടവ് ശിക്ഷിച്ചു. കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കിടെ 500 ദിവസത്തോളം ഷെറീന് പരോള്‍ അനുവദിച്ചിരുന്നു. അതിനിടെയാണ്   മുന്‍ഗണനകള്‍ ലംഘിച്ച് ഷെറിന്റെ ജയില്‍മോചനത്തിനുള്ള മന്ത്രിസഭാ ശുപാര്‍ശ വന്നത്.

ഇതു മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. 20, 25 വര്‍ഷം വരെ തടവു ശിക്ഷ അനുഭവിച്ചവരെ പിന്തള്ളിയാണ് ഷെറീനെ മോചിപ്പിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോടു ശുപാര്‍ശ ചെയ്തത്. ഇത് പ്രതിക്ക് ഉന്നതങ്ങളിലുള്ള സ്വാധീനം മൂലമാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനെതിരേ കാരണവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായി രംഗത്തു വന്നിട്ടുണ്ട്.

കുറ്റവാളികളും രാഷ്ട്രീയ ഉന്നതരും തമ്മിലുള്ള ഗൂഢ ബന്ധത്തിന്റെ മറവിലാണ് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതി ഷെറിനെ വിടാന്‍ ശുപാര്‍ശ ചെയ്തത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കടക്കം ഈ ഇളവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം ശുപാര്‍ശകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയാല്‍ കുറ്റവാളികള്‍ക്കു പ്രോത്സാഹനവും നിയമവ്യവസ്ഥയ്ക്കു വെല്ലുവിളിയുമാകുമെന്നു മാത്രമല്ല 58 വെട്ടേറ്റ് കൊല്ലപ്പെട്ട  ടി പി ചന്ദ്രശേഖരന്‍ കേസില്‍ ജീവ പര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ക്കും പുറത്തിറങ്ങാന്‍ അവസരമൊരുക്കുമെന്ന്  ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.





#Daily
Leave a comment