
ഇന്ത്യ തീരുവകള്‍ ഗണ്യമായി കുറയ്ക്കുമെന്ന് ട്രംപ്
യുഎസിനുമേല്‍ ഇന്ത്യ ചുമത്തിയിട്ടുള്ള തീരുവകള്‍ വളരെ ഗണ്യമായി കുറയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യുഎസ് ഇന്ത്യയടക്കം അനവധി രാജ്യങ്ങളുടെ മേല്‍ ചുമത്തിയ പകരത്തിനുപകരം തീരുവകള്‍ നാളെ മുതല്‍ നിലവില്‍ വരുന്നതിന് മുന്നോടിയായിട്ടാണ് ട്രംപിന്റെ പ്രസ്താവന വന്നത്.
ഈ രാജ്യങ്ങളില്‍ പലരും തീരുവ കുറയ്ക്കുമെന്ന് കരുതുന്നതായി ട്രംപ് പറഞ്ഞു. കാരണം വര്‍ഷങ്ങളായി ഈ രാജ്യങ്ങള്‍ യുഎസിനുമേല്‍ അന്യായമായി തീരുവ ചുമത്തുകയാണെന്നും ട്രംപ് പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ കാറിനുമേല്‍ ചുമത്തിയിരുന്ന തീരുവ രണ്ടരശതമാനമായി കുറച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണിത്. ഇന്ത്യയും തീരുവകള്‍ വളരെയധികം കുറയ്ക്കാന്‍ പോകുന്നുവെന്ന് താന്‍ കേട്ടുവെന്ന് ട്രംപ് പറഞ്ഞു.
ട്രംപ് ഏര്‍പ്പെടുത്തുന്ന തീരുവകള്‍ യുഎസിന്റെ അടുത്ത സഖ്യരാജ്യങ്ങളെ ചൈനയുമായി അടുക്കാന്‍ പ്രേരിപ്പിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യുഎസ് ഏര്‍പ്പെടുത്തുന്ന തീരുവകള്‍ക്കെതിരെ സംയുക്തമായി പ്രതികരിക്കാന്‍ ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും തീരുമാനിച്ചുവെന്ന് തിങ്കളാഴ്ച്ച ചൈനയുടെ ഔദ്യോഗിക മാദ്ധ്യമമായ സിസിടിവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ആ പ്രസ്താവന കുറച്ചൊന്ന് പൊലിപ്പിച്ചതാണെന്ന് കൊറിയ പ്രതികരിച്ചിരുന്നു.
ട്രംപ് നടത്തിയ പ്രസ്താവനയെക്കുറിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.