
അണ്ടര്‍ 19 വനിത ടി20 ലോകകപ്പ്: നൈജീരിയക്ക് ചരിത്ര ജയം
മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന 19 വയസ്സിന് താഴെയുള്ള വനിതകളുടെ ടി20 ലോകകപ്പില്‍ അരങ്ങേറ്റക്കാരായ നൈജീരിയക്ക് അട്ടിമറി വിജയം. ശക്തരായ ന്യൂസിലന്‍ഡിനെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തി.
താരതമ്യേന കുറഞ്ഞ സ്‌കോറാണ് ന്യൂസിലന്‍ഡിന് മുന്നില്‍ നൈജീരിയ പിന്തുടരാന്‍ വച്ചത്. നൈജീരിയ 13 ഓവറില്‍ ആറ് വിക്കറ്റിന് 65 റണ്‍സ് എടുത്തു.
മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ നൈജീരിയയുടെ ഊര്‍ജ്ജസ്വലമായ ഫീല്‍ഡിങ് ന്യൂസിലന്‍ഡിന്റെ റണ്‍ചേസിനെ താളംതെറ്റിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ കേവലം ഒമ്പത് റണ്‍സ് മാത്രം മതിയായിരുന്നു. പന്ത്രണ്ടാം ഓവര്‍ അവസാനിക്കുമ്പോള്‍ ന്യൂസിലന്‍ഡ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ പേസ് ബൗളര്‍ ലിലിയന്‍ ഉദ്ദേ റണ്‍സ് വിട്ടു കൊടുക്കാന്‍ പിശുക്ക് കാണിച്ചപ്പോള്‍ ന്യൂസിലാന്‍ഡിന് രണ്ട് റണ്‍സിന്റെ തോല്‍വി.
നൈജീരിയക്കുവേണ്ടി ഉദ്ദേ 19 റണ്‍സും ക്യാപ്റ്റന്‍ ലക്കി പൈറ്റി 18 റണ്‍സും എടുത്തു. ഇരുവരും മാത്രമാണ് നൈജീരിയന്‍ നിരയില്‍ ഇരട്ടയക്കം കടന്നത്. ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍ അനിക ടോഡ് ആണ്. അനിക 19 റണ്‍സെടുത്തു.
ദക്ഷിണ ആഫ്രിക്കയിലും സിംബാബ്വേയിലും ക്രിക്കറ്റ് ശക്തമാണെങ്കിലും ആഫ്രിക്കയിലെ നൈജീരിയ പോലുള്ള രാജ്യങ്ങളില്‍ ഫുട്‌ബോളും അത്‌ലറ്റിക്‌സും ആണ് ജനപ്രിയ കായിക വിനോദങ്ങള്‍.


