TMJ
searchnav-menu
post-thumbnail

Photo: PTI

TMJ Daily

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരങ്ങൾ; നടപടി വേഗത്തിലാക്കണമെന്ന ആവശ്യമുന്നയിച്ചു

05 Jun 2023   |   3 min Read
TMJ News Desk

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ചെയർമാനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ സമരം തുടരുന്ന ഗുസ്തി താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി തങ്ങളുടെ പരാതികൾ ഒന്നടങ്കം അറിയിച്ചതായി ഒളിംപ്യൻ ബജ്‌റംഗ് പൂനിയ വെളിപ്പെടുത്തി. രാത്രി പതിനൊന്നു മണി മുതൽ രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവർധ് കാഡിയൻ എന്നിവരും പങ്കെടുത്തു.

പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരമുൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണ വിധേയനായ ബ്രിജ് ഭൂഷണെതിരെ നിഷ്പക്ഷമായ അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്.  നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്നും ശരിയായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പ് നല്കിയെന്നും താരങ്ങൾ വെളിപ്പെടുത്തി. ഗുസ്തി ഫെഡറേഷൻ തലവനെതിരെ നടപടിയെടുക്കാനുള്ള അഞ്ച് ദിവസത്തെ സമയപരിധി ശനിയാഴ്ച അവസാനിക്കുന്ന ഘട്ടത്തിലായിരുന്നു കൂടിക്കാഴ്ച.

ഗുസ്തി ഫെഡറേഷൻ മേധാവിക്കെതിരായ തങ്ങളുടെ പ്രതിഷേധം വലിയ തോതിൽ അവഗണിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന ഗുസ്തി താരങ്ങൾ മെഡലുകൾ ഹരിദ്വാറിലെ ഗംഗയിലൊഴുക്കുമെന്ന തീരുമാനം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കർഷക നേതാവ് നരേഷ് ടിക്കായത്തിന്റെ ഇടപെടലിനെത്തുടർന്ന് അവർ പദ്ധതി താൽക്കാലികമായി ഉപേക്ഷിച്ചു.

സമരത്തിന് പിന്തുണയേറിയ സാഹചര്യത്തിൽ ഡൽഹി പൊലീസ് ബ്രിജ് ഭൂഷണെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറുകളിലെ ആരോപണങ്ങൾ ശക്തമാണ്. വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ പോക്സോ നിയമങ്ങൾ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തുക, സ്വകാര്യ ഭാഗങ്ങളിൽ തൊടുക തുടങ്ങിയവയാണ് ബ്രിജ് ഭൂഷണെതിരെ ഏപ്രിൽ 28 ന് ഡൽഹി പൊലീസ് സമർപ്പിച്ച എഫ്ഐആറുകളിലെ പ്രധാന ആരോപണങ്ങൾ.

രണ്ട് എഫ്ഐആറുകളിലും സെക്ഷൻ 354, 354 എ, 354 ഡി, 34 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആദ്യ എഫ്ഐആറിൽ ആറ് മുതിർന്ന ഗുസ്തി താരങ്ങളുടെ ആരോപണങ്ങളാണ്. രണ്ടാമത്തെ എഫ്ഐആർ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ അഞ്ചു മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന പോക്സോ നിയമത്തിലെ സെക്ഷൻ 10 ഉം ഉൾപ്പെടുത്തിയിട്ടുണ്ട്.

റാലിയിൽ പങ്കെടുക്കാൻ ബ്രിജ് ഭൂഷൺ

ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുമ്പോഴും ജൂൺ 11 ന് തന്റെ മണ്ഡലത്തിലെ കത്രയിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്യാനുള്ള ഒരുക്കത്തിലാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഒമ്പത് വർഷം തികയുന്നതിന്റെ ഭാഗമായി ബിജെപിയുടെ 'മഹാസമ്പർക്ക് അഭിയാൻ' (ബഹുജന പ്രചാരണ കാമ്പയിൻ) എന്ന പാർട്ടി പരിപാടിയിലാണ് പങ്കെടുക്കുക. ആറ് തവണ ലോക്സഭാ എംപിയായ ബ്രിജ് ഭൂഷൺ ഗുസ്തിക്കാരുടെ ആരോപണങ്ങളെക്കുറിച്ചുള്ള പോലീസ് അന്വേഷണവും സുപ്രീം കോടതി നിർദ്ദേശങ്ങളോടുള്ള ബഹുമാനവും ചൂണ്ടിക്കാട്ടി ജൂൺ 5 ന് അയോധ്യയിൽ നടത്താനിരുന്ന റാലിയിൽ നിന്ന് പിൻവാങ്ങിയിരുന്നു.  

സമരത്തെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസങ്ങൾ

ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റു ചെയ്യണമെന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി 1983 ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളും. മെഡലുകൾ ഗംഗയിൽ എറിയുമെന്നത് പോലുള്ള കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്നും ആവശ്യങ്ങൾ എത്രയും വേഗം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ലോകകപ്പ് ജേതാക്കൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

'ഗുസ്തി താരങ്ങളെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഞങ്ങളെ അങ്ങേയറ്റം വിഷമിപ്പിച്ചു. അവരെ റോഡിലൂടെ വലിച്ചിഴച്ചതും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അവർ കഠിനാധ്വാനം ചെയ്ത് നേടിയ മെഡലുകൾ ഗംഗയിലേക്ക് എറിയുന്നു എന്ന തീരുമാനം ഞങ്ങളെ ആശങ്കാകുലരാക്കുന്നു. വർഷങ്ങളുടെ പരിശ്രമം, ത്യാഗം, ദൃഢനിശ്ചയം, കഠിനാധ്വാനം എന്നിവയാണ് ഓരോ മെഡലും. അത് കായികതാരങ്ങളുടെ മാത്രമല്ല, രാജ്യത്തിന്റെ അഭിമാനം കൂടിയാണ്' ക്രിക്കറ്റ് താരങ്ങൾ പ്രസ്താവനയിൽ കുറിച്ചു.

മുന്നറിയിപ്പുമായി കർഷക സംഘടനകൾ

ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ജൂൺ ഒമ്പതിനകം അറസ്റ്റു ചെയ്യണമെന്ന് കർഷക നേതാക്കൾ കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകി. ഗുസ്തി താരങ്ങളുടെ വിഷമതകളും അവർ അനുഭവിക്കുന്ന പ്രയാസങ്ങളും കേന്ദ്ര സർക്കാർ പരിഗണിച്ചേ മതിയാകൂ. ബ്രിജ് ഭൂഷണെ അറസ്റ്റു ചെയ്യാത്തപക്ഷം പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്കൊപ്പം തങ്ങളും ജന്തർ മന്തറിലേക്കു പോകുമെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. താരങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അംഗീകരിക്കാത്ത പക്ഷം രാജ്യവ്യാപകമായി ഖാപ് പഞ്ചായത്തുകളും സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

സമരത്തിന് പിന്തുണയുമായി ബിജെപി നേതാക്കളും

കർഷക നേതാക്കളെ കൂടാതെ നിരവധി ബിജെപി നേതാക്കളും ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഫത്തേപൂർ സിക്രിയിൽ നിന്നുള്ള ബിജെപി എംപിയും കിസാൻ മോർച്ച പ്രസിഡന്റുമായ രാജ്കുമാർ ചാഹർ ഗുസ്തിക്കാർക്ക് അനുകൂലമായി രംഗത്തെത്തി. വനിതാ ഗുസ്തി താരങ്ങൾ അഭിമാനകരമാണെന്നും അവർക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിജ് ഭൂഷൺ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധിക്കുന്ന ഗുസ്തിക്കാരോട് സഹതാപവും പൂർണ പിന്തുണയും അറിയിക്കുന്നതായി ഹരിയാന സർക്കാരിന്റെ ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞിരുന്നു. ഗുസ്തി താരങ്ങൾക്ക് വേണ്ടി ഇടനിലക്കാരനായി അധികാരികളുമായി സംസാരിക്കാൻ തയ്യാറാണെന്നും അദ്ദേഹം ഉറപ്പുനൽകി. ഒളിംമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് മെഡലുകൾ ആജീവനാന്ത കഠിനാധ്വാനത്തിലൂടെ നേടുന്നതാണ്. ഇവ ഗംഗാനദിയിൽ എറിയേണ്ടി വരുന്ന ഗുസ്തി താരങ്ങളുടെ വേദനയും നിസ്സഹായതയും മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്ന് ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി ബ്രിജേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു.

ഹരിയാന ബിജെപി അധ്യക്ഷൻ ഓം പ്രകാശ് ധൻഖറും ഗുസ്തിക്കാരെ പിന്തുണച്ച് പ്രസ്താവന നടത്തിയിരുന്നു. പ്രതിഷേധിക്കുന്ന വനിതാ ഗുസ്തി താരങ്ങൾ ഹരിയാനയുടെ പെൺമക്കളാണെന്നും അവരുടെ അഭിപ്രായം കായിക മന്ത്രി അനുരാഗ് ഠാക്കൂറിനു മുന്നിൽവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്രയും ഗൗരവമുള്ള പരാതി ഒരു സ്ത്രീ പറയുമ്പോൾ അത് സത്യമാണെന്ന് സംശയലേശമന്യേ പരിഗണിക്കണമെന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള എംപി പ്രീതം മുണ്ടെ പറഞ്ഞു. പരാതി ശ്രദ്ധിക്കാതെ പോകുന്നുവെങ്കിൽ അത് ന്യായമല്ലെന്നും ആവശ്യമായ ശ്രദ്ധ നൽകണമെന്നും പ്രീതം മുണ്ടെ പറഞ്ഞു.

#Daily
Leave a comment