
യെച്ചൂരിയുടെ പിന്‍ഗാമി: തീരുമാനമാകാതെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്
24ാം പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമഘട്ടത്തില്‍ എത്തിയിട്ടും പുതിയ പാര്‍ട്ടി സെക്രട്ടറിയെ കണ്ടെത്താനാകാതെ സിപിഐഎം. എം എ ബേബി മുതല്‍ ഉത്തരേന്ത്യയിലെ കര്‍ഷക സമര നായകന്‍ അശോക് ധാവ്‌ള വരെയുള്ളവരുടെ പേരുകള്‍ സമ്മേളന വേദിയില്‍ ചര്‍ച്ചയാകുന്നു. പ്രായപരിധി കഴിയുന്നത് മൂലം പിബിയില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ ഒഴിയുമ്പോള്‍ അവശേഷിക്കുന്നവരിലെ സീനിയറായ ബി വി രാഘവലുവും മത്സരത്തിലുണ്ട്.
സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ച് രാഘവലുവാണ്. അദ്ദേഹം റിപ്പോര്‍ട്ടിന്റെ ചര്‍ച്ചകള്‍ക്ക് മറുപടി പറയും. ഇതെല്ലാം അദ്ദേഹത്തെ അടുത്ത ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്നതിന്റെ സൂചനകളായി കരുതുന്നു.
ഇന്ന് സിപിഐഎമ്മിലെ ശക്തമായ കേരള ഘടകത്തിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും അഭിപ്രായം പുതിയ പാര്‍ട്ടി സെക്രട്ടറി ആരെന്ന തീരുമാനത്തില്‍ നിര്‍ണായകമാകും. കമ്മ്യൂണിസത്തിനൊപ്പം വികസനത്തേയും സ്വകാര്യമൂലധനത്തേയും വരിച്ച കേരള ഘടകത്തിന്റെ നിലപാടുകള്‍ക്ക് തലവേദന സൃഷ്ടിക്കാത്തൊരു നേതാവിനെയാകും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് താല്‍പര്യം. അശോക് ധാവ്‌ള അതിവേഗ ട്രെയിനുകള്‍ക്കെതിരെ നിലപാട് എടുക്കുന്ന വ്യക്തിയാണ്. അതേസമയം, ദാവ്‌ളയ്ക്ക് സടകൊഴിഞ്ഞ സിംഹമായ പശ്ചിമബംഗാള്‍ ഘടകം അടക്കമുള്ള സംസ്ഥാനങ്ങളുടെ പിന്തുണയുണ്ട്. ദാവ്‌ളയ്ക്ക് ഹിന്ദി ഹൃദയഭൂമിയുടെ പിന്തുണയുമുണ്ട്.
അതേസമയം, വൃന്ദാ കാരാട്ടിന് പ്രായപരിധിയില്‍ ഇളവ് നല്‍കി ജനറല്‍ സെക്രട്ടറിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജനറല്‍ സെക്രട്ടറിയായി വൃന്ദ തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് ചരിത്രമാകും. സിപിഐഎമ്മിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ജനറല്‍ സെക്രട്ടറിയെന്ന റെക്കോര്‍ഡാണ് വൃന്ദയെ തേടിയെടുത്തുക.
എന്നാല്‍, രാഘവലുവും ബേബിയുമാണ് പിബിയിലെ മുതിര്‍ന്ന നേതാക്കളെന്നും സ്വാഭാവികമായും ഇരുവരേയുമാണ് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുകയെന്നും മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബേബിയെ തിരഞ്ഞെടുത്താല്‍ സിപിഐഎം കേരളത്തില്‍ ഒതുങ്ങുന്നുവെന്ന തോന്നല്‍ ഉളവാക്കുമെന്ന് ഉത്തരേന്ത്യന്‍ നേതാക്കള്‍ പറയുന്നു. പകരം, ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയെ തിരഞ്ഞെടുക്കണമെന്നാണ് അവരുടെ അഭിപ്രായം. കര്‍ഷകരുടെ ലോങ് മാര്‍ച്ചിലൂടെ ദേശീയ മുഖമായി മാറിയ അശോക് ദാവ്‌ളെയെയാണ് അവര്‍ അടുത്ത ജനറല്‍ സെക്രട്ടറിയായി കാണുന്നത്.
ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനുശേഷം പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും സ്വാഭാവികമായും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരികയായിരുന്നു. ഇത്തവണ അങ്ങനെ ചൂണ്ടിക്കാണിക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമുള്ള ഒരു ദേശീയ മുഖം ഇല്ല.