മലയാളത്തിന് തീരാനഷ്ടം
ഇന്നസെന്റിന് വിടപറഞ്ഞ് സിനിമാ ലോകം.മമ്മൂട്ടി,ജയറാം എന്നിവർ ഉൾപ്പെടെയുള്ള നടന്മാർ മാധ്യമങ്ങൾക്ക് മുൻപിൽ വികാര ഭരിതരായി. ഇന്നസെന്റിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമാണെന്ന് ഹരിശ്രീ അശോകൻ പ്രതികരിച്ചു.
'പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ് പറയുന്നത്, ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെ ഉണ്ടാവും' എന്ന് മോഹൻലാൽ ഫേസ് ബുക്കിൽ കുറിച്ചു.
'ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു, അദ്ദേഹത്തിന്റെ വിയോഗം മലയാളികളുടെ ആകെ നഷ്ടമാണ്' എന്ന് അനുശോചനം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
'നിഷ്‌ക്കളങ്കമായ ഒരു ചിരികൊണ്ടു സ്വന്തം പേരിനെ അന്വർത്ഥമാക്കിയ ഒരാൾ, ശരീരത്തെ കാർന്നുകൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകർന്നു നൽകുകയും ചെയ്ത ഒരാൾ, അദ്ദേഹത്തിന് പകരം വെക്കാൻ മറ്റൊരാളില്ല' എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.
ഇന്നലെ രാത്രി 10.30 ന് കൊച്ചി ലേക്‌ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് മാർച്ച് 3ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില നാല് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു.750 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഇന്നസെന്റ് 12 വർഷം അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. 2014 ലിൽ ചാലക്കുടി എംപി യായി. കലാ സാമൂഹിക രാഷ്ട്രീയ രംഗത്ത് നികത്താനാവാത്ത വിടവാണ് ഇന്നസെന്റിന്റെ വിയോഗം. ചൊവ്വാഴ്ച രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിലാണ് സംസ്‌കാരം. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു ദർശനത്തിന് വെച്ച ശേഷം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതു ദർശനത്തിന് വെക്കുന്നതിന് വേണ്ടി കൊണ്ടു പോയി.