
കരിങ്കൊടി പ്രതിഷേധം അപമാനിക്കലല്ല; ഹൈക്കോടതി
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. ഏത് നിറത്തിലുള്ള കൊടികൾ ഉപയോഗിച്ച് പ്രതിഷേധിച്ചാലും, അതൊന്നും കുറ്റകൃത്യത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധങ്ങൾ അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നും കോടതി പറഞ്ഞു. കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
കോൺഗ്രസ് പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും ഇതിനോടൊപ്പം കോടതി റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങളിൽ നടക്കുന്ന ബലപ്രയോഗങ്ങൾ സ്വാഭാവികമാണെന്നും കോടതി വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും കേസെടുക്കാൻ തുടങ്ങിയാൽ അതിനെ സമയം ഉണ്ടാകു എന്നും, ചെറിയ കാര്യങ്ങളിലെ നിയമ നടപടികളെല്ലാം ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.
2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഏപ്രിൽ 9 ന് പറവൂരിൽ വെച്ച് മുഖ്യമന്ത്രിക്ക് നേരെ കോൺഗ്രസുകാരുടെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. ഇതിനെതിരെ പൊലീസ് കേസ് എടുക്കുകയും ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും ചുമത്തുകയായിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപട്ടികയില്‍ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.