TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയ കേസ്; സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി പതഞ്ജലി രാംദേവ് 

02 Apr 2024   |   1 min Read
TMJ News Desk

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയ കേസില്‍ പതഞ്ജലി ആയുര്‍വേദ് സഹസ്ഥാപകന്‍ ബാബ രാംദേവ് സുപ്രീംകോടതിയില്‍ ഹാജരായി. ബാബ രാംദേവും കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും സമര്‍പ്പിച്ച മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പതഞ്ജലി നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ കഴിഞ്ഞ വാദത്തില്‍ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ഉപാധികളില്ലാത്ത മാപ്പപേക്ഷ ഇരുവരും കോടതിയില്‍ സമര്‍പ്പിച്ചു. പിന്നീട് ഏപ്രില്‍ 2 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇരുവരും കോടതിയില്‍ ഹാജരാകണമെന്ന് ജഡ്ജിമാരായ ഹിമ കോലി, എ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിടുകയായിരുന്നു. 

ഫെബ്രുവരി 27 നാണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്ന കമ്പനിയുടെ എല്ലാ ഇലക്ട്രോണിക്, പ്രിന്റ് പരസ്യങ്ങളും നിര്‍ത്തലാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പതഞ്ജലി ആയുര്‍വേദിന്റെ പരസ്യങ്ങള്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതായി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ( ഐഎംഎ ) സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഹര്‍ജി കോടതിയിലെത്തുന്നത്.

അലോപ്പതിയെയും ഡോക്ടര്‍മാരെയും മോശമായി ചിത്രീകരിക്കുന്ന നിരവധി പരസ്യങ്ങള്‍ പതഞ്ജലി ചിത്രീകരിച്ചതായി ഐഎംഎ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ആധുനിക മരുന്നുകള്‍ കഴിച്ച് മെഡിക്കല്‍ രംഗത്ത് തന്നെയുള്ളവര്‍ മരിക്കുന്നുവെന്ന വ്യാജ പ്രചരണങ്ങള്‍ പതഞ്ജലി നടത്തുന്നതായും ഐഎംഎ യുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.


 

#Daily
Leave a comment