TMJ
searchnav-menu
post-thumbnail

സച്ചിന്‍ ടെന്‍ഡുല്‍ക്കർ | Photo: PTI

TMJ Daily

അമ്പതിന്റെ നിറവില്‍ ക്രിക്കറ്റ് ഇതിഹാസം

24 Apr 2023   |   2 min Read
TMJ News Desk

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ഇന്ന് അമ്പതാം പിറന്നാള്‍. ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ആരാധകരുടെ ഹൃദയങ്ങളില്‍ ഇടംനേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍... 24 വര്‍ഷംനീണ്ട രാജ്യാന്തര കരിയറില്‍ ഉയര്‍ന്ന റണ്‍ കെട്ടിപ്പടുത്ത സച്ചിന്‍ ജീവിതത്തിന്റെ ക്രീസില്‍ 50-ാം നോട്ടൗട്ട് തികച്ചിരിക്കുന്നു. 

ലോക ക്രിക്കറ്റ് പ്രേമികള്‍ക്ക് രണ്ടര പതിറ്റാണ്ടോളം കളിവിരുന്ന് തീര്‍ത്ത അതുല്യ പ്രതിഭയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രാജ്യാന്തര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 100 സെഞ്ചുറികളോടെ 34,357 റണ്‍സും എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകളുമാണ് സച്ചിന്റെ ക്രിക്കറ്റ് നേട്ടം. സെഞ്ചുറികളില്‍ സെഞ്ചുറി തികച്ച ഏക ക്രിക്കറ്റ് താരമാണ് സച്ചിന്‍. 2012 മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്റെ നൂറാം സെഞ്ചുറി.

ക്രീസിലെ മാന്ത്രിക തേരോട്ടം

1987 ല്‍ 16-ാം വയസ്സില്‍ ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ സച്ചിന് പിന്നീട് നേട്ടങ്ങളുടെ സുവര്‍ണകാലമായിരുന്നു. സച്ചിന്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത് 17-ാം വയസ്സിലാണ്. 25 വയസ്സിനു മുമ്പേ 16 ടെസ്റ്റ് സെഞ്ചുറികള്‍ തികയ്ക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 

1989 നവംബര്‍ 15ന് കറാച്ചിയില്‍ പാകിസ്താനെതിരായാണ് സച്ചിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ സച്ചിന് തിളങ്ങാനായില്ലെന്ന് മാത്രമല്ല അന്ന് പാകിസ്താനുവേണ്ടി അരങ്ങേറ്റം കുറിച്ച വഖാര്‍ യൂനിസിന്റെ പന്തില്‍ പുറത്താകുകയും ചെയ്തു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ സച്ചിന്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. 

200 ടെസ്റ്റും 463 ഏകദിനങ്ങളും ഒരു രാജ്യാന്തര ട്വന്റി 20 യും കളിച്ച സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സും സെഞ്ചുറിയും നേടിയ താരമാണ്. 1992 ലാണ് സച്ചിന്‍ ആദ്യമായി ലോകകപ്പ് കളിക്കുന്നത്. 1996 ല്‍ സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി. എന്നാല്‍ ബാറ്റ്‌സ്മാനെന്നപോലെ ക്യാപ്റ്റനായി തിളങ്ങാന്‍ സച്ചിനു സാധിച്ചില്ല. 25 ടെസ്റ്റുകള്‍ നയിച്ചതില്‍ വിജയം നേടിയത് നാല് എണ്ണത്തില്‍ മാത്രമാണ്. 

ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദ മാച്ചും ടെസ്റ്റിലും ഏകദിനത്തിലും 15,000 റണ്‍സ് വീതം തികച്ച ആദ്യ ക്രിക്കറ്ററും സച്ചിനാണ്. വിരമിക്കുമ്പോഴും അദ്ദേഹത്തിന്റെ പേരില്‍ 51 ടെസ്റ്റ് സെഞ്ചുറികള്‍ ഉണ്ടായിരുന്നു. ഇതുവരെ ആരും ആ റെക്കോര്‍ഡ് തകര്‍ത്തിട്ടില്ല. ആറ് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ സച്ചിന്‍ കളിച്ചു. ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ച കളിക്കാരനും സച്ചിനാണ്. 

2008 ല്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് സച്ചിന്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിന്റെ ആദ്യ ആറ് സീസണുകളിലും മുംബൈയുടെ കരുത്തുറ്റ ഓപ്പണറായിരുന്നു സച്ചിന്‍. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ ഏക ഇന്ത്യന്‍ ക്യാപ്റ്റനും സച്ചിന്‍ തന്നെ. 2012 ല്‍ 18,426 റണ്‍സുമായി സച്ചിന്‍ ഏകദിന കരിയറില്‍ നിന്ന് വിരമിച്ചു. 

ഇമ്രാന്‍ ഖാനെയും വസീം അക്രത്തേയും പോലുള്ള പരിചയസമ്പന്നരായ ബൗളര്‍മാരെ കൗമാരക്കാരനായ സച്ചിന്‍ ഏറെ ക്ഷമയോടെയാണ് ക്രീസില്‍ നേരിട്ടത്. ഏകദിന മത്സരത്തില്‍ ആദ്യമായി 200 എന്ന മാന്ത്രികസംഖ്യ കടന്നതും സച്ചിന്‍ എന്ന മഹാവിസ്മയമാണ്.

അംഗീകാരങ്ങളുടെ നിറവില്‍

രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന, പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം, അര്‍ജുന അവാര്‍ഡ്, പത്മശ്രീ, പത്മവിഭൂഷന്‍, വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ലോറസ് പുരസ്‌കാരം അടക്കം നിരവധി നേട്ടങ്ങള്‍ സച്ചിന്റെ റണ്‍മഴയില്‍ ഒഴുകിയെത്തി. 

സച്ചിന്‍ എന്ന വികാരം ഇന്ത്യന്‍ കളിക്കളത്തില്‍ ആവേശമായി ഇന്നും നിലനില്‍ക്കുന്നു. 24 വര്‍ഷത്തെ സ്വപ്‌നതുല്യമായ കരിയറാണ് 2013 ല്‍ അവസാനിപ്പിച്ചത്. 2013 ല്‍ ഹോം ഗ്രൗണ്ടായ വാങ്കടയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിരമിക്കല്‍ മത്സരം പൂര്‍ത്തിയാക്കി സച്ചിന്‍ ക്രീസ് വിട്ടെങ്കിലും നിറഞ്ഞ ഗ്യാലറിയിലെ ആര്‍പ്പുവിളികള്‍ ഇന്നും അലതല്ലുന്നു.  

മഹാരാഷ്ട്രയിലെ മുംബൈയില്‍ 1973 ഏപ്രില്‍ 24 നായിരുന്നു സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറുടെ ജനനം. മുംബൈയിലെ ശാരദാശ്രമം വിദ്യാമന്ദിറിലായിരുന്നു സച്ചിന്റെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ രമാകാന്ത് അചരേക്കറില്‍ നിന്ന് സച്ചിന്‍ പഠിച്ചെടുത്തത്. മുംബൈ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ പരിശീലകനായിരുന്നു അചരേക്കര്‍. പിന്നീട് സംഭവിച്ചതെല്ലാം ലോക ക്രിക്കറ്റ് ചരിത്രത്തിന്റെ താളുകളില്‍ ആലേഖനം ചെയ്യപ്പെട്ടു.

#Daily
Leave a comment