
അമേരിക്കയില്‍ 'അപകടകരമായ' ഒളിഗാര്‍ക്കി രൂപംകൊള്ളുന്നു: പ്രസിഡന്റ് ജോ ബൈഡന്‍
അമേരിക്കയില്‍ 'അപകടകരമായ' ഒളിഗാര്‍ക്കി രൂപംകൊള്ളുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കഴിഞ്ഞ നാലുവര്‍ഷമായി യുഎസ് പ്രസിഡന്റായ ബൈഡന്‍ രാജ്യത്തോടായി നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.
അതിസമ്പന്നത, അധികാരം, സ്വാധീനം എന്നിവയുടെ ഒരു ഒളിഗാര്‍ക്കി അമേരിക്കയില്‍ രൂപം കൊള്ളുന്നുവെന്നും അത് അമേരിക്കയുടെ ജനാധിപത്യം, അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യവും എന്നിവയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്നും ബൈഡന്‍ പറഞ്ഞു.
അമേരിക്കക്കാരുടെ മേല്‍ ആരാലും തടയപ്പെടാത്ത അധികാരം കൈയ്യാളാന്‍ സാധ്യതയുള്ള അതിസമ്പന്ന 'ടെക്ക്-വ്യവസായ കോംപ്ലെക്‌സിനെ' ലക്ഷ്യമിട്ടാണ് അദ്ദേഹം വിമര്‍ശനം ഉയര്‍ത്തിയത്. കാലാവസ്ഥാ വ്യതിയാനം, സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരങ്ങള്‍ എന്നിവയേയും കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അദ്ദേഹം നല്‍കി.
ജനുവരി 20ന് അധികാരമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപും ടെക് വ്യവസായിയായ ഇലോണ്‍ മസ്‌കും തമ്മിലുള്ള സൗഹൃദത്തേയും മറ്റ് ടെക്ക് വമ്പന്‍മാരായ ജെഫ് ബെസോസും മാര്‍ക്ക് സക്കര്‍ബര്‍ഗും ട്രംപുമായി അടുക്കാന്‍ ശ്രമിക്കുന്നതിനേയും കുറിച്ചുള്ള മുന്നറിയിപ്പാണ് ബൈഡന്‍ നല്‍കിയത്.


