പക്ഷിക്ക് പകരം നായ; ട്വിറ്റർ ലോഗോയിൽ മാറ്റം വരുത്തി ഇലോൺ മസ്‌ക്
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തി സിഇഒ ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ പ്രശസ്തമായ ബ്ലൂ ബേർഡ് ലോഗോ മാറ്റി നായയുടെ (ഡോഗ് മീം) ചിത്രമാണ് നല്കിയിരിക്കുന്നത്. ട്വിറ്ററിന്റെ വെബ്‌സൈറ്റ് ഇന്റഫേസിലാണ് ലോഗോ പ്രത്യക്ഷമായത്. എന്നാൽ മൊബൈൽ ആപ്പിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
ഡോഗ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം ഇതുവരെ കണ്ടിട്ടുള്ളത്. അതിന് സമാനമാണ് പുതുക്കിയ ലോഗോ. ഷിബ ഇനു എന്ന നായ ഇന്റർനെറ്റിലെ ജനപ്രിയമാണ്. മസ്‌കിന്റെ ഇഷ്ട ക്രിപ്‌റ്റോ കറൻസി ഡോഗ് കോയിന്റെ ലോഗോയും ഇതാണ്.
44 ബില്യൺ ഡോളറിനാണ് കഴിഞ്ഞവർഷം ഒക്ടോബറിൽ ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. ഇക്കാലയളവിൽ നിരവധി മാറ്റങ്ങൾ ട്വിറ്ററിൽ മസ്‌ക് നടപ്പിലാക്കി. സബ്‌സ്‌ക്രിപ്ഷനിലൂടെ ട്വിറ്ററിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സമാഹരിക്കാനുള്ള ശ്രമത്തിലാണ് മസ്‌കെന്ന് വെളിപ്പെടുത്തിയിരുന്നു. അതിനായി ട്വിറ്ററിന്റെ വെരിഫൈഡ് ബ്ലൂ ടിക്ക് പണം നല്കുന്നവർക്ക് മാത്രമാണെന്നും അറിയിച്ചിട്ടുണ്ട്.