വന്യജീവികളുടെ എണ്ണം 73 ശതമാനം കുറഞ്ഞുവെന്ന് ആഗോള കണക്കെടുപ്പിലെ കണ്ടെത്തൽ
കഴിഞ്ഞ 50 വർഷത്തിനിടയിൽ അതിഗുരുതരമായ രീതിയിൽ വന്യജീവികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ( ഡബ്ലു.ഡബ്ലു.എഫ്). ഉഷ്ണമേഖല വനങ്ങളിലെ ആനകൾ മുതൽ ഗ്രേറ്റ് ബാരിയർ റീഫിൽ നിന്നുള്ള ആമകളുടെ വരെ സംഖ്യയിൽ കുറവ് വന്നതായാണ് സംഘടനയുടെ റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് ദശകത്തിനിടയിൽ 73 ശതമാനം കുറവ് സംഭവിച്ചെുവെന്നാണ് ജന്തുലോകത്തെക്കുറിച്ചുള്ള 'ദി ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് ' വ്യക്തമാക്കുന്നത്.
വൻതോതിലെ വനനശീകരണം വിവിധ ആവാസ വ്യവസ്ഥകളെ ബാധിച്ചിട്ടുണ്ട്. ആമസോണിന്റെയും പവിഴപ്പുറ്റുകളുടെയും തകർച്ചയിലേക്ക് നയിച്ചു. അഞ്ച് പതിറ്റാണ്ടിലധികമായി നിലനിൽക്കുന്ന 5000ലധികം പക്ഷികൾ, സസ്തനികൾ, ഉഭയജീവികൾ, ഉരഗങ്ങൾ, മത്സ്യങ്ങൾ എന്നിവയുടെ സൂചികയെ അടിസ്ഥാനമാക്കിയുള്ളതാണ് ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട്.
മനുഷ്യന്റെ ഇടപെടൽ മൂലമുണ്ടാകുന്ന വന്യജീവി നാശനഷ്ടങ്ങൾക്കിടയിൽ ഖനനവും ആഭ്യന്തര കലാപങ്ങളും പോലുള്ള കാരണങ്ങൾ കൊണ്ട് ആമസോണിലെ 60 ശതമാനം പിങ്ക് ഡോൾഫിനുകൾക്കും വംശനാശം സംഭവിച്ചിട്ടുണ്ട്. എന്നാൽ പ്രതീക്ഷ നൽകുന്ന ചില വീണ്ടെടുപ്പുകളും ഇതിനിടയിൽ രേഖപ്പെടുത്തുന്നുണ്ട്. കിഴക്കൻ ആഫ്രിക്കയിലെ വിരുംഗ പർവ്വത നിരകളിലെ ഗൊറില്ലകളുടെ എണ്ണം 2010നും 2016നുമിടയ്ക്ക് മൂന്ന് ശതമാനം വർദ്ധിച്ചിരുന്നു. ആവാസവ്യവസ്ഥയുടെ വ്യാപകമായ നാശത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട തിരിച്ചുവരവല്ല ആവശ്യമെന്ന് ഗവേഷകർ പറയുന്നു.
ആവാസവ്യവസ്ഥയുടെ നാശം വന്യജീവികളുടെ എണ്ണത്തിന് വരുന്ന ഏറ്റവും വലിയ ഭീഷണിയാണ്, ഇവയ്ക്ക് പലപ്പോഴും കാരണമാകുന്നത് മലിനീകരണവും, കാലാവസ്ഥ വ്യതിയാനവും, രോഗങ്ങളും, അധിനിവേശ ജീവികളുടെ വർധനവുമാണ്.
പ്രകൃതി പുനഃസ്ഥാപനത്തെപ്പറ്റിയുള്ള ചർച്ചകൾക്കായി കൊളംബിയയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ സമ്മേളനത്തിൽ ലോക നേതാക്കൾ ഒത്തുകൂടാൻ തയ്യാറെടുക്കുമ്പോഴാണ് വന്യജീവികളുടെ വംശനാശത്തെക്കുറിച്ചുള്ള ഈ മുന്നറിയിപ്പുണ്ടാവുന്നത്.
2030-ഓടെ ഭൂമിയുടെ 30 ശതമാനം പ്രകൃതിക്കായി നീക്കിവെക്കുന്നതുൾപ്പെടെ, പ്രകൃതിനഷ്ടം പരിഹരിക്കുന്നതിനുള്ള 2022-ലെ യുഎൻ കരാറിൽ ഏതാണ്ട് 200 രാജ്യങ്ങൾ പങ്കാളികളാണെന്നത് പ്രതീക്ഷയുയർത്തുന്നു.


