
ലെബനനിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് നേതാവും കുടുംബവും കൊല്ലപ്പെട്ടു
വടക്കന്‍ ലെബനനിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് നേതാവ് സയീദ് അതല്ല അലിയും കുടുംബവും കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെ ബെദ്ദാവി അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍, ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിലെ നേതാവായ സയീദ് അതല്ല അലിയുടെ താമസസ്ഥലത്താണ് ആക്രമണമുണ്ടായതെന്ന് ഹമാസ് പറഞ്ഞു. ആക്രമണത്തില്‍ അലിയുടെ ഭാര്യ ഷൈമ അസം, അവരുടെ രണ്ട് പെണ്‍മക്കളായ സൈനബ്, ഫാത്തിമ എന്നിവരും കൊല്ലപ്പെട്ടു.
പലസ്തീനെതിരെ ഇസ്രായേല്‍ യുദ്ധമാരംഭിച്ച് ഒരു വര്‍ഷമാകുന്നതിനിടക്ക് ഒട്ടേറെ ഹമാസ് നേതാക്കള്‍ ലെബനനില്‍ കൊല്ലപ്പെട്ടു. വടക്കന്‍ നഗരമായ ട്രിപ്പോളിക്ക് സമീപമാണ് ബെദ്ദാവി ക്യാമ്പ്. സംഘര്‍ഷം ആരംഭിച്ച ശേഷം അടുത്തിടെ ക്യാമ്പിന് നേരെ നടന്ന ആദ്യ ആക്രമണമായിരുന്നു ഇത്. ഇസ്രായേല്‍ നടത്തിയ മറ്റൊരു വ്യോമാക്രമണം ലെബനനെ സിറിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ തകര്‍ത്തു.
കഴിഞ്ഞ ചൊവ്വാഴ്ച്ച ഇസ്രായേല്‍ ലെബനനിലേക്ക് കരയുദ്ധം ആരംഭിച്ചിരുന്നു. തെക്കന്‍ ലെബനനിലെ സംഘര്‍ഷത്തില്‍ ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം ഒരു വര്‍ഷമാകുമ്പോള്‍, 41,000ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പകുതിയിലധികം സ്ത്രീകളും കുട്ടികളുമാണെന്ന് പലസ്തീന്‍ ആരോഗ്യ വകുപ്പ് പറഞ്ഞു. ലെബനന്‍ ആക്രമണത്തില്‍ ഇതുവരെ ഏകദേശം 2,000 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും സെപ്റ്റംബര്‍ 23 ന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് ലെബനന്‍ ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.