REPRESENTATIONAL IMAGE: WIKI COMMONS
മൂന്നാറില്‍ ജനവാസമേഖലയിലേക്കിറങ്ങി കാട്ടാനക്കൂട്ടം
മൂന്നാറില്‍ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ ഓട്ടോഡ്രൈവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജനവാസമേഖലയോട് ചേര്‍ന്ന് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. ആയിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ ഇന്ന് രാവിലെയോടെയാണ് അഞ്ച് ആനകള്‍ ഇറങ്ങിയത്. വനംവകുപ്പില്‍ നിന്നും വാച്ചര്‍മാരെത്തി ആനയെ വനമേഖലയിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വന്യജീവി ആക്രമണത്തില്‍ വനംവകുപ്പ് വേണ്ട നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് മൂന്നാര്‍ മേഖലയില്‍ ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടത് മുതലാണ് പ്രതിഷേധം ഉയര്‍ന്നത്.
രണ്ടുമാസത്തിനിടെ നാലാമത്തെ മരണം
രണ്ടുമാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്നാറില്‍ നാലാമത്തെ മരണമാണ് സംഭവിച്ചത്. മൂന്നാര്‍ കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിലെ സുരേഷ് കുമാര്‍ ആണ് കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ മരിച്ചത്. മൂന്നാറില്‍ നിന്നും കന്നിമലയിലേക്ക് 6 യാത്രക്കാരുമായി പോകുന്ന ഓട്ടോറിക്ഷ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ തെറിച്ചുവീണ സുരേഷ് കുമാര്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. പരുക്കേറ്റ മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലാണ്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നു.