ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു
ഇസ്രയേലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്സ്വെല്ലാണ് മരിച്ചത്. ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കാര്‍ഷിക മേഖലയിലെ ജീവനക്കാരനായിരുന്നു നിബിന്‍. ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്ത് നടന്ന ആക്രമണത്തില്‍ നിബിനോടൊപ്പമുണ്ടായിരുന്ന രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവരാണ് പരുക്കേറ്റ മലയാളികള്‍. പരുക്കേറ്റവരില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു മാസം മുന്‍പാണ് നിബിന്‍ ഇസ്രായേലിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. നിബിന്റെ സഹോദരന്‍ നിവിനും ഇസ്രായേലിലാണ്.
മുഖത്തും ശരീരത്തിലും പരുക്കേറ്റ ജോസഫ് ജോര്‍ജിനെ പെറ്റ തിക്വയിലുള്ള ബെയിലിന്‍സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുടുംബവുമായി ബന്ധപ്പെടാന്‍ ജോസഫിന് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായ പരുക്കുകളില്ലാത്ത ഇടുക്കി സ്വദേശിയായ മെല്‍വിന്‍ സിവ് ആശുപത്രിയിലാണുള്ളത്.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ഗലീലി ഫിംഗറില്‍ മൊഷാവ് എന്ന സ്ഥലത്ത് ആക്രമണം നടന്നത്. മര്‍ഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെല്‍ പതിച്ചത്. കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ആക്രമണത്തിന് ഇരയായത്. അതേസമയം ഷിയ ഹിസ്ബുള്ള വിഭാഗത്തിന്റെ താവളത്തില്‍ പ്രത്യാക്രമണം നടത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ലെബനനിലെ ചിഹിനിയിലും അയ്ത ആഷ് സാബിലുമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ ഹമാസിനെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഷിയ ഹിസ്ബുള്ള.