
ജോര്‍ദാനില്‍ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു
ജോര്‍ദാനില്‍ സൈന്യത്തിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേര ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സഹയാത്രികനും അയല്‍വാസിയുമായ എഡിസണിന് പരിക്കേറ്റു.
ജോര്‍ദാനില്‍ വിസിറ്റിങ് വിസയിലെത്തിയ നാലംഗ സംഘത്തിലുള്ളവരാണ് ഇരുവരും. സന്ദര്‍ശക വിസയിലെത്തിയ ഇവര്‍ ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സൈന്യം വെടിവച്ചത്.
അതിര്‍ത്തി കടക്കരുതെന്ന സൈന്യത്തിന്റെ നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു. തോമസിന്റെ തലയില്‍ വെടിയേറ്റു. കാലില്‍ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോര്‍ദാന്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ചു.
ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിയിലെ അറ്റാഷെയായ പ്രദീപ് കുമാര്‍ തോമസിന്റെ മരണം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. തോമസിന്റെ കുടുംബത്തിനും കേരള സര്‍ക്കാരിനും ഈ അറിയിപ്പിന്റെ പകര്‍പ്പ് ലഭിച്ചു. എന്നാല്‍, എഡിസണ്‍ നാട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
ജോര്‍ദാനിലെ കരാക്ക് ജില്ലയ്ക്ക് സമീപം വച്ച് ഇസ്രായേലിലേക്ക് നാലംഗ സംഘം കടക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്ന് അറ്റാഷെയുടെ അറിയിപ്പില്‍ പറയുന്നു.
തോമസിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും.


