
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഒരാളെ പൊലീസ് താനെയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഖാന്‍ ആക്രമണത്തിന് ഇരയായത്.
മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് എന്നയാളാണ് അറസ്റ്റിലായത്. അറസ്റ്റിലായ വ്യക്തി ബംഗ്ലാദേശിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നും പിടിച്ചെടുത്ത വസ്തുക്കളില്‍ നിന്നാണ് ഇങ്ങനെയൊരു സംശയം ഉടലെടുത്തത്. ഇന്ത്യയില്‍ എത്തിയശേഷം ഇയാള്‍ വിജയ് ദാസ് എന്ന് പേര് മാറി. ഇയാള്‍ക്ക് 30 വയസ്സുണ്ട്.
അഞ്ചാറ് മാസം മുമ്പാണ് ഇയാള്‍ മുംബൈയില്‍ എത്തിയത്. ഏതാനും ദിവസം മുംബൈയില്‍ തങ്ങിയശേഷം പിന്നീട് മുംബൈയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് മാറി താമസിച്ചു. ഒരു ഹൗസ്‌കീപ്പിങ് ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. കൊള്ളയടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീട്ടില്‍ കയറിയത്.
പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നത് ഇയാള്‍ ബംഗ്ലാദേശി ആണെന്നും ഇയാളുടെ കൈയില്‍ സാധുവായ ഇന്ത്യന്‍ രേഖകള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു. വിജയ് ദാസ്, ബിജോയ് ദാസ് തുടങ്ങി വിവിധ പേരുകള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നുവെന്ന് മുംബൈ പൊലീസ് പറയുന്നു.


