
ജസ്റ്റിന്‍ ട്രൂഡോക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ന്യൂനപക്ഷ ലിബറല്‍ ഗവണ്‍മെന്റിനെതിരെ പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടു. ഹൗസ് ഓഫ് കോമണ്‍സിലെ ജനപ്രതിനിധികളില്‍ 211 പേര്‍ ട്രൂഡോയ്ക്ക് അനുകൂലമായും 120 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിക്കാന്‍ ട്രൂഡോയ്ക്ക് ആയെങ്കിലും സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളൊന്നും തന്നെ പരിഹരിക്കപ്പെട്ടിട്ടില്ല. ഒമ്പത് വര്‍ഷമായി ജസ്റ്റിന്‍ ട്രൂഡോ നയിക്കുന്ന ലിബറല്‍ പാര്‍ട്ടിയുടെ ന്യൂനപക്ഷ ഭരണം അവസാനിപ്പിക്കാനും തിരഞ്ഞെടുപ്പ് വേഗത്തിലാക്കാനുമുള്ള വലതുപക്ഷ കക്ഷിയായ കണ്‍സര്‍വേറ്റീവുകളുടെ ശ്രമം വിജയിക്കാതെ പോയത് മറ്റ് കക്ഷികളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ മാത്രമായിരുന്നു.
ആദ്യം തിരഞ്ഞെടുക്കപ്പെട്ടപ്പോഴും തുടര്‍ച്ചയിലും ട്രൂഡോ നിലനിര്‍ത്തിയിരുന്ന ജനപ്രീതി ഇപ്പോഴില്ല. വിലക്കയറ്റവും ഭവന പ്രതിസന്ധിയും ജസ്റ്റിന്‍ ട്രൂഡോയുടെ ജനപ്രീതി കുത്തനെ ഇടിച്ചു. 2025 ഒക്ടോബര്‍ അവസാനം തിരഞ്ഞെടുപ്പ് നടക്കും. അതുവരെ അധികാരത്തില്‍ തുടരാന്‍ ട്രൂഡോയ്ക്ക് പിന്തുണ നല്‍കാനുള്ള 2022-ലെ ധാരണയില്‍ നിന്നും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി ) പിന്മാറിയിരുന്നു. എന്നാല്‍ അവിശ്വാസപ്രമേയത്തില്‍ ട്രൂഡോയ്ക്ക് അനുകൂല നിലപാടാണ് എന്‍ഡിപി സ്വീകരിച്ചത്.
അവിശ്വാസ പ്രമേയത്തെ അതിജീവിച്ചെങ്കിലും, ട്രൂഡോയ്ക്ക് മറ്റ് വെല്ലുവിളികള്‍ നേരിടേണ്ടതുണ്ട്. ക്യൂബെക്കോയിസ് ബ്ലോക്കിന്റെ നേതാവ് , അവരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നു.
2025 ഒക്ടോബര്‍ അവസാനത്തോടെ നടക്കേണ്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ വോട്ടെടുപ്പുകളില്‍ വലതുപക്ഷ കണ്‍സര്‍വേറ്റീവുകള്‍ക്കാണ് മുന്‍തൂക്കം. അതുകൊണ്ട് തന്നെ എത്രയും വേഗം ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് അവരുടെ ആഗ്രഹം. ഫെഡറല്‍ കാര്‍ബണ്‍ ടാക്സിലെ വര്‍ദ്ധനവ് കാനഡക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ല എന്ന് കണ്‍സര്‍വേറ്റീവ്‌സ് പറയുന്നു. ലിബറലുകളുടെ കീഴില്‍ ഫെഡറല്‍ ചെലവുകളും നികുതികളും കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
''ഇന്ന് രാജ്യത്തിന് ഒരു നല്ല ദിവസമായിരുന്നു, കാരണം കനേഡിയന്‍ ജനതയ്ക്ക് ഉടന്‍ ഒരു തിരഞ്ഞെടുപ്പ് വേണമെന്ന് ഞാന്‍ കരുതുന്നില്ല,''വോട്ടെടുപ്പിന് ശേഷം ലിബറല്‍ ജനപ്രതിനിധി കരീന ഗൗള്‍ഡ് പറഞ്ഞു.
ട്രൂഡോയുടെ ലിബറല്‍ സര്‍ക്കാര്‍ ബജറ്റ് നടപടികളിലൊന്നില്‍ രണ്ടാമത്തെ വോട്ട് ഉടന്‍ തേടേണ്ടതുണ്ട്, പക്ഷേ അത് അതിജീവിക്കുമെന്ന് ലിബറല്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നു. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഈ വോട്ടെടുപ്പ് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വയോജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുകയും ക്ഷീര കര്‍ഷകരെ സംരക്ഷിക്കുന്ന താരിഫുകളും ക്വാട്ടകളും സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്താല്‍ ഡിസംബര്‍ അവസാനം വരെ ട്രൂഡോയെ പിന്തുണയ്ക്കുമെന്ന് ക്യൂബേക്ക് ബ്ലോക്ക് നേതാവ് യെവ്‌സ്-ഫ്രാങ്കോയിസ് ബ്ലാഞ്ചെറ്റ് പറഞ്ഞു. ക്യൂബേക്ക് പ്രവിശ്യയിലാണ് കൂടുതലും ക്ഷീരകര്‍ഷകര്‍.
ഒക്ടോബര്‍ 29-നകം സര്‍ക്കാര്‍ ഇത് ഔപചാരികമായി ചെയ്തില്ലെങ്കില്‍, ട്രൂഡോയെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊതുജനങ്ങളുടെ അസന്തുഷ്ടി അംഗീകരിക്കുന്നുവെന്നു പറഞ്ഞ ട്രൂഡോ പക്ഷെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജനങ്ങളുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു.