REPRESENTATIVE IMAGE: WIKI COMMONS
ചെങ്കടലിലെ കപ്പലാക്രമണം; ഇന്ത്യയുടെ അരികയറ്റുമതി പ്രതിസന്ധിയില്‍
ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നുള്ള അരി കയറ്റുമതിയില്‍ ഇടിവ്. ആഭ്യന്തര വിപണിയില്‍ ബസ്മതി അരിയുടെ വില അഞ്ച് മുതല്‍ പത്ത് ശതമാനംവരെ ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്. ചെങ്കടലില്‍ പ്രതിസന്ധിയുണ്ടാവുന്നതിന് മുമ്പ് യെമനിലേക്ക് അരിയെത്തിക്കുന്നതിന് 850 ഡോളറായിരുന്നു നിരക്ക് നിലവില്‍ ഇത് 2400 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. പ്രതിവര്‍ഷം 4 മുതല്‍ 4.5 മില്യണ്‍ ടണ്‍ ബസ്മതി അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.
ചരക്കുകൂലി വര്‍ധിക്കുന്നു
കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പ്രധാനപ്പെട്ട ഷിപ്പിങ് കമ്പനികളുടെ കപ്പലുകള്‍ സൂയസ് കനാല്‍ ഒഴിവാക്കിയാണ് യാത്ര ചെയ്യുന്നത്. അതിനാല്‍ ജിദ്ദ, യെമന്‍, ബെയ്‌റൂത്, ഡര്‍ബന്‍ എന്നിവിടങ്ങളിലേക്കുള്ള അരികയറ്റുമതി പ്രതിസന്ധിയിലാണ്. ചരക്കുകൂലി വര്‍ധിച്ചതോടെ കച്ചവടക്കാര്‍ ചരക്കെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് ഓള്‍ ഇന്ത്യ റൈസ് എക്‌സ്‌പോട്ടേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ജിദ്ദയിലേക്കുള്ള കണ്ടെയ്‌നര്‍ ചാര്‍ജ് 300 ഡോളറില്‍ നിന്നും 1500 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
അരികയറ്റുമതി മാത്രമല്ല നിലവിലെ പ്രതിസന്ധി, ഇന്ത്യയിലേക്കുള്ള സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയേയും ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുവഴികളിലൂടെ എണ്ണ ഇറക്കുമതി ചെയ്താലും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. വഴി മാറ്റിയാല്‍ സൂര്യകാന്തി എണ്ണ ഇന്ത്യയിലെത്താന്‍ 40 ദിവസമെടുക്കും.