
എച്ച്‌കെയു5-കോവി-2: കോവിഡ് പോലെ മനുഷ്യനെ ബാധിക്കാവുന്ന പുതിയ വൈറസ്
പുതുതായി വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറസ് മനുഷ്യ കോശങ്ങളില്‍ പ്രവേശിക്കുന്നത് കോവിഡ് 19ന് കാരണമായ സാഴ്‌സ്-കോവി-2 വൈറസ് പ്രവേശിച്ചത് പോലെയാണെന്നും ഇത് ഈ വൈറസിനെ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നുവെന്നും ചൈനീസ് ഗവേഷകര്‍ കണ്ടെത്തി. ഈ വൈറസിന് എച്ച്‌കെയു5-കോവി-2 എന്നാണ് പേരിട്ടിരിക്കുന്നത്.
എന്നാല്‍ ഈ വൈറസിന് ചില പരിമിതികള്‍ ഉണ്ടെന്നും സാഴ്‌സ്-കോവി-2 ചെയ്തത് പോലെ പെട്ടെന്ന് മനുഷ്യ കോശങ്ങളില്‍ പ്രവേശിക്കില്ലെന്നും ഗവേഷകര്‍ കണ്ടെത്തി.
സാഴ്‌സ്-കോവി-2 വൈറസിനെ പോലെ എച്ച്‌കെയു5-സിഒവി-2 വൈറസിന് ഫ്യൂരിന്‍ ക്ലീവേജ് സൈറ്റ് എന്ന സവിശേഷതയുണ്ട്. ഈ സവിശേഷത കോശ പ്രതലത്തിലെ ഏസ്2 റിസപ്റ്റര്‍ പ്രോട്ടീന്‍ വഴി കോശത്തിലേക്ക് പ്രവേശിക്കാന്‍ അതിനെ സഹായിക്കുന്നു.
ലാബിലെ പരീക്ഷണങ്ങളില്‍ ടെസ്റ്റ് ട്യൂബില്‍ ഉയര്‍ന്ന അളവില്‍ ഏസ്2 ഉള്ള മനുഷ്യ കോശങ്ങളിലും മനുഷ്യന്റെ കുടലിന്റേയും ശ്വസന വ്യവസ്ഥയുടേയും മാതൃകകളിലും എച്ച്‌കെയു5-കോവി-2 ബാധിച്ചു.
മോണോക്ലോണല്‍ ആന്റിബോഡികളും ആന്റിവൈറല്‍ മരുന്നുകളും ഈ വവ്വാല്‍ വൈറസിനെതിരെ ഫലപ്രദമാണെന്ന് തുടര്‍ പരീക്ഷണങ്ങളില്‍ കണ്ടെത്തി.
2019ല്‍ മനുഷ്യന് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ രോഗപ്രതിരോധശേഷി ഇപ്പോഴുണ്ടെന്നും അത് മറ്റൊരു മഹാമാരിയെന്ന അപകട സാധ്യതയെ കുറയ്ക്കുന്നുവെന്നും മിന്നസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ദ്ധനായ ഡോ മൈക്കേല്‍ ഓസ്റ്റര്‍ഹോം പറയുന്നു.
ഏതായാലും, പുതിയ വൈറസിന്റെ കണ്ടെത്തല്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ കമ്പനികളുടെ ഓഹരി വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.