
ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ
ബ്രസീൽ പ്രസിഡന്റ് ലുലയെ വധിക്കാനുള്ള ഗൂഢാലോചന കണ്ടെത്തി
ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയുടെ മന്ത്രിസഭയിലെ ഒരംഗമുൾപ്പടെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയെ വധിക്കാനുള്ള പദ്ധതിയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ ബ്രസീലിയൻ പോലീസ് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പിൽ വിജയിച്ച ലുല ചുമതല ഏറ്റെടുക്കുന്നതിന് മുൻപ് 2022-ൽ പദ്ധതി നടപ്പിലാക്കാനായിരുന്നു പ്ലാൻ.
പോലീസ് പിടിച്ചെടുത്ത രേഖകൾ പ്രകാരം ലുലയെയും നിയുക്ത വൈസ് പ്രസിഡന്റ് ജെറാൾഡോ ആൽക്ക്മിനെയും വെടിവച്ച് കൊല്ലാനോ വിഷം നൽകാനോ പദ്ധതിയിട്ടിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അഗസ്റ്റോ ഹെലനോ, മുൻ പ്രതിരോധ മന്ത്രി ബ്രഗാ നെറ്റോ എന്നീ മുൻ സൈനിക ജനറൽമാരെ അധികാരമേല്പിക്കാനും, പുതിയ തിരഞ്ഞെടുപ്പ് നടത്താനുമായിരുന്നു പദ്ധതി.
സ്ഫോടനത്തിലോ, വിഷമോ ഉപയോഗിച്ച് സുപ്രീം കോടതി ജഡ്ജിയെ വധിക്കാനും ഗൂഢാലോചനയുടെ ഭാഗമായിരുന്നു, പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ബോൾസോനാരോ മന്ത്രിസഭയിൽ ഡെപ്യൂട്ടി മന്ത്രിയായി സേവനമനുഷ്ഠിച്ച് വിരമിച്ച ബ്രിഗേഡിയർ ജനറൽ മരിയോ ഫെർണാണ്ടസ്, ലെഫ്റ്റനന്റ് കേണൽമാരായ ഹെലിയോ ഫെരേര ലിമ, റോഡ്രിഗോ ബെസെറ ഡി അസെവെഡോ, റാഫേൽ മാർട്ടിൻസ് ഡി ഒലിവേറ എന്നിവരുടെ അറസ്റ്റ് സൈന്യം സ്ഥിരീകരിച്ചു.
2022-ലെ അട്ടിമറിശ്രമ ഗൂഢാലോചനയിൽ അന്വേഷണം നേരിടുന്നവരിൽ ഭൂരിഭാഗവും സ്പെഷ്യൽ ഫോഴ്സ് പരിശീലനമുള്ള സൈനിക ഉദ്യോഗസ്ഥരോ അല്ലെങ്കിൽ മുൻ പ്രസിഡന്റ് ബോൾസോനാരോയുടെ അടുത്ത സഹായികളോ ആണ്. ലുലയെയും അൽക്മിനെയും വധിക്കാനും, അവർ അധികാരത്തിൽ തിരിച്ചെത്തുന്നത് തടയാൻ അട്ടിമറി നടത്താനുമുള്ള പദ്ധതി ഫെഡറൽ പോലീസ് വെളിപ്പെടുത്തുന്നത് ആദ്യമാണ്. ഗൂഢാലോചനയുടെ അച്ചടിച്ച രൂപരേഖ കൈവശം വച്ചിരുന്ന ഫെർണാണ്ടസ് ആണ് പ്രധാന സൂത്രധാരനെന്ന് പോലീസ് തിരിച്ചറിഞ്ഞു.


