TMJ
searchnav-menu
post-thumbnail

TMJ Daily

ക്വാറം തികഞ്ഞില്ല; ദക്ഷിണ കൊറിയയില്‍ പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് പാസായില്ല

08 Dec 2024   |   1 min Read
TMJ News Desk

രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പുറത്താക്കാന്‍ പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നടപടികള്‍ പാര്‍ലമെന്റില്‍ ക്വാറം തികയാത്തതിനാല്‍ പരാജയപ്പെട്ടു. പ്രസിഡന്റിന്റെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ എംപിമാര്‍ പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിച്ചതാണ് ഇംപീച്ച്‌മെന്റ് ശ്രമം പരാജയപ്പെട്ടത്.

ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം യൂനിന് പിന്‍വലിക്കേണ്ടിവന്നിരുന്നു. പ്രതിപക്ഷത്തെക്കൂടാതെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് യൂന്‍ നേരിട്ടത്.

300 അംഗ നാഷണല്‍ അസംബ്ലിയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 200 വോട്ടുകള്‍ വേണ്ടിയിരുന്നു. എന്നാല്‍ 195 വോട്ടുകള്‍ മാത്രമേ പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് അനുകൂലമായി ലഭിച്ചുള്ളൂ. ഇതേതുടര്‍ന്ന്, നാഷണല്‍ അസംബ്ലി സ്പീക്കര്‍ വൂ വോണ്‍-ഷിക് വോട്ട് അസാധുവായി പ്രഖ്യാപിച്ചു.

ദേശീയ അസംബ്ലിയില്‍ 192 സീറ്റുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. പിപിപിയില്‍ നിന്നും മൂന്ന് അംഗങ്ങള്‍ മാത്രമാണ് വോട്ടില്‍ പങ്കെടുത്തത്. ഡിസംബര്‍ 11-ന് മുമ്പ് മറ്റൊരു ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാനാകില്ല.




#Daily
Leave a comment