
അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ യുഎസ് വിമാനം അമൃത്സറിലെത്തി
നാടുകടത്തപ്പെട്ട അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തി. ഈ വിമാനത്തില്‍ 119 പേര്‍ ഉണ്ടായിരുന്നു. പഞ്ചാബില്‍ നിന്നും 67 പേരും ഹരിയാനയില്‍ നിന്നും 33 പേരും ഗുജറാത്തില്‍ നിന്നും എട്ടുപേരും ഉത്തര്‍പ്രദേശില്‍ നിന്നും മൂന്ന് പേരും, രാജസ്ഥാന്‍, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നും രണ്ടുപേരും ജമ്മുകശ്മീരില്‍ നിന്നും ഹിമാചല്‍പ്രദേശില്‍ നിന്നും ഓരോരുത്തരും ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഫെബ്രുവരി 5ന് 104 പേരുമായി യുഎസ് സൈനിക വിമാനം അമൃത്സറില്‍ എത്തിയിരുന്നു. മൂന്നാമത്തെ വിമാനം ഇന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം ആരംഭിച്ച നാടുകടത്തലിനെ തുടര്‍ന്ന് പഞ്ചാബ് പൊലീസ് അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
പഞ്ചാബിന്റെ പ്രവാസി കാര്യ മന്ത്രി കുല്‍ദീപ് സിങ് ധാലിവാലും വൈദ്യുതി മന്ത്രി ഹര്‍ഭജന്‍ സിങ്ങും ഇന്നലെ നാടുകടത്തിയവരെ വിമാനത്താവളത്തില്‍ സന്ദര്‍ശിച്ചു. നാടുകടത്തുന്ന ഇന്ത്യാക്കാരുമായി എത്തുന്ന യുഎസ് സൈനിക വിമാനത്തെ അമൃത്സറില്‍ ഇറങ്ങാന്‍ അനുവദിക്കുന്നത് പഞ്ചാബിനെ അപമാനിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ഇന്നലെ മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആരോപിച്ചിരുന്നു.