സ്‌പൈവെയര്‍ ആക്രമണം ഉണ്ടായേക്കാം; ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി ആപ്പിള്‍
സ്‌പൈവെയര്‍ ആക്രമണത്തെക്കുറിച്ച് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി ആപ്പിള്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള 98 രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് കമ്പനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പെഗാസസ് പോലുള്ള ചാരസോഫ്റ്റ്‌വെയര്‍ ആക്രമണത്തിന് ഇരയായേക്കാമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ ഉള്‍പ്പെടെ 92 രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ ഏപ്രിലിലും കമ്പനി സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത്തരം സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 150 ലധികം രാജ്യങ്ങളിലെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആളുകളുടെ ജോലിയുടെയും പ്രവര്‍ത്തിയുടെയും അടിസ്ഥാനത്തിലാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്നും ഇത്തരം ആക്രമണങ്ങള്‍ കണ്ടെത്തുന്നത് പ്രയാസകരമാണെന്നും ആപ്പിള്‍ സന്ദേശത്തില്‍ പറയുന്നു. ഒരു ചെറിയ വിഭാഗം വ്യക്തികള്‍ക്ക് നേരെയാണ് ഇത് നടക്കുന്നതെന്നും ചിലവേറിയ ഈ സ്‌പൈവെയര്‍ ആക്രമണം ഭരണകൂടങ്ങളുടേയും ഏജന്‍സികളുടേയും പിന്തുണയോടെയാണ് സാധാരണ നടക്കുന്നതെന്നും ആപ്പിള്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ച്ചയായി മുന്നറിയിപ്പ്
ഫോണ്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള മുന്നറിയിപ്പ് 2023 ഒക്ടോബറില്‍ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കള്‍ക്ക് ലഭിച്ചത് രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യ ഉള്‍പ്പെടെ 92 രാജ്യങ്ങള്‍ക്കായിരുന്നു കമ്പനി മുന്നറിയിപ്പ് നല്‍കിയത്. പെഗാസസ് അടക്കമുള്ള മാല്‍വെയറുകളുടെ പ്രയോഗം തുടരുന്നുണ്ടെന്ന് മുന്നറിയിപ്പില്‍ സൂചിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്ക് മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ക്കും കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു.