
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് താൽക്കാലിക വിരാമം
ഗാസയിലെ വെടിനിർത്തൽ ഇസ്രായേലും ഹമാസും അംഗീകരിച്ചു. ഇതോടെ 15 മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിക്കും. ഇസ്രായേലിന്റെ മന്ത്രിസഭ അംഗീകരിക്കുന്നതോടെ വെടിനിർത്തൽ കരാർ ഞായറാഴ്ച്ച നടപ്പിൽ വരുമെന്ന് മധ്യസ്ഥത ചർച്ചകൾക്ക് ഇടനില നിന്ന ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനി പറഞ്ഞു.
മൂന്ന് ഘട്ടമായാണ് കരാർ നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള 22 ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറും. പകരം ഇസ്രായേലിന്റെ തടവറയിലുള്ള രണ്ടായിരത്തോളം പാലസ്തീൻകാരെയും മോചിപ്പിക്കും. ഈ ഘട്ടത്തിൽ തന്നെ ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും ഇസ്രായേൽ സൈന്യം പിൻമാറും. പാലസ്തീൻകാർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. ദുരിതാശ്വാസ വസ്തുക്കളെ ഗാസയിലേക്ക് കടത്തിവിടുകയും ചെയ്യും.
ബാക്കിയുള്ള ബന്ദികളെ വിട്ടയക്കുന്നതിനും കൂടാതെ, ഇസ്രായേൽ സൈന്യം പൂർണമായും പിൻമാറുന്നതിനുള്ള രണ്ടാംഘട്ടത്തിന്റെ ചർച്ചകൾ 16-ാം ദിവസം മുതൽ ആരംഭിക്കും.
ഖത്തറിനെക്കൂടാതെ യുഎസും ഈജിപ്തും മധ്യസ്ഥതയിൽ പങ്കുവഹിച്ചു. ഇസ്രായേലും ഹമാസും കരാർ അനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന് ഇവർ ഉറപ്പാക്കും.
മൂന്നാഘട്ടത്തിൽ ഗാസയുടെ പുനർനിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്യും. രണ്ടും മൂന്നും ഘട്ട ചർച്ചകൾക്ക് കൃത്യമായ സംവിധാനം ഉണ്ടാകുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
2023-ൽ ഇസ്രായേലിലേക്ക് കടന്നു കയറി നടത്തിയ ആക്രമണത്തിൽ ഹമാസ് 251 പേരെ ബന്ദികളാക്കിയിരുന്നു. 94 പേർ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. അതിൽ 60 പേർ മാത്രമാണ് ജീവനോടെയുള്ളതെന്ന് ഇസ്രായേൽ കരുതുന്നു.