അശ്വിനി വൈഷ്ണവ് | PHOTO: PTI
ജനാധിപത്യത്തിന് ഭീഷണി; ഡീപ് ഫേക്ക് വ്യാപനം തടയുമെന്ന് കേന്ദ്രം
ഡീപ് ഫേക്കിന്റെ വ്യാപനം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളും നിയമവും കൊണ്ടുവരുമെന്ന് കേന്ദ്രം. എത്രയും പെട്ടെന്ന് നിയന്ത്രണം കൊണ്ടുവരുന്നതിനായി കരട് തയ്യാറാക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായും സാങ്കേതിക രംഗത്തെ വിദഗ്ധരുമായും നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. സമൂഹത്തിനും ജനാധിപത്യത്തിനും ഭീഷണിയാണ് നിര്‍മ്മിതബുദ്ധിയുടെ ദുരുപയോഗം എന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. പത്തുദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കും. നിയന്ത്രണങ്ങള്‍ ഏതുവിധേനയായിരിക്കണം എന്നതിനെ സംബന്ധിച്ച് ഡിസംബര്‍ ആദ്യ വാരം ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.
നിയന്ത്രണം ഏര്‍പ്പെടുത്തും
ഡീപ്പ് ഫേക്കുകള്‍ എങ്ങനെ കണ്ടെത്തും, ഡീപ് ഫേക്ക് കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വ്യക്തികളെ എങ്ങനെ തടയും, ഇത്തരം ഉള്ളടക്കങ്ങള്‍ വ്യാപിക്കുന്നത് എങ്ങനെ തടയാം, ഇതുമായി ബന്ധ പ്പെട്ട് ഒരു റിപ്പോര്‍ട്ടിങ് സംവിധാനം എങ്ങനെ വിപുലീകരിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് യോഗത്തില്‍ പ്രധാനമായി ചര്‍ച്ച ചെയ്തത്. റിപ്പോര്‍ട്ടിങ് സംവിധാനം വിപുലീകരിച്ചാല്‍ ഉപയോക്താക്കള്‍ക്ക് ഡീപ് ഫേക്കിനെക്കുറിച്ച് അറിയാന്‍ സാധിക്കും. നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നാണ് ചര്‍ച്ചയിലൂടെ മനസ്സിലാക്കുന്നത്, നിലവിലുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന രീതിയിലോ പുതിയ നിയമം നിര്‍മ്മിച്ചുകൊണ്ടോ നിയന്ത്രണം കൊണ്ടുവരും എന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയത്തില്‍ വലിയ ചര്‍ച്ചയുണ്ടായത്. ഡീപ് ഫേക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രതികരിച്ചുകൊണ്ട് സിനിമ മേഖലയില്‍ നിന്നു തന്നെ പലരും രംഗത്തെത്തിയിരുന്നു. രശ്മികയുടേതിന് സമാനമായി ബോളിവുഡ് നടി കത്രീന കൈഫിന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഡീപ് ഫേക്കുകള്‍ വീഡിയോയില്‍ മാത്രമല്ല ചിത്രങ്ങളും ശബ്ദങ്ങളും ഇത്തരത്തില്‍ സൃഷ്ടിച്ചെടുക്കുന്നുണ്ട്.